17 May, 2018 06:42:33 PM


ചെങ്ങറ ഭൂമിയിലെ കുടുംബങ്ങളുടെ സര്‍വെ ഈ മാസം ആരംഭിക്കും

വിവരശേഖരണം പട്ടികജാതി - പട്ടികവര്‍ഗ കമ്മീഷന്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍




പത്തനംതിട്ട:  ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ സമഗ്രവിവരങ്ങള്‍ ശേഖരിക്കുന്നതിന് ഈ മാസം 23ന് സര്‍വെ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ തീരുമാനമായി. പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ കഴിഞ്ഞ നവംബറില്‍ നല്‍കിയിരുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണം ആരംഭിക്കുന്നത്. ഇവിടെ താമസിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. റവന്യു, പട്ടികജാതി വികസനം, പട്ടിക വര്‍ഗവികസനം എന്നീ വകുപ്പുകളുടെ സംയുക്തസര്‍വെയാണ് 23ന് ആരംഭിക്കുന്നത്. 

നിലവിലുള്ള നിയമവ്യവസ്ഥകള്‍ക്കും കോടതി ഉത്തരവുകള്‍ക്കും വിധേയമായി നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 599 കുടുംബങ്ങള്‍ താമസിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവിടുത്തെ കുട്ടികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്ന കാര്യത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിന് ഇവര്‍ താമസിക്കുന്ന സ്ഥലത്ത് അങ്കണവാടി സ്ഥാപിക്കാന്‍ നിയമപ്രകാരം കഴിയില്ല. എന്നാല്‍ തൊട്ടടുത്തുള്ള അങ്കണവാടിയില്‍ നിന്നും ഇവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ ആവശ്യമായ തുക അനുവദിക്കുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സാമൂഹ്യക്ഷേമ ഡയറക്ടറേറ്റില്‍ ബന്ധപ്പെട്ട അടിയന്തര നടപടികള്‍ സ്വീകരിക്കുകയും ഇക്കാര്യത്തില്‍ ബുദ്ധിമുട്ട് നേരിടുന്നപക്ഷം വിവരം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു. 

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ നല്‍കിയിട്ടുള്ള നിര്‍ദേശം പാലിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശമുള്ള സാഹചര്യത്തില്‍ നിയമപരമായി ചെയ്യുവാന്‍ കഴിയുന്ന കാര്യങ്ങളില്‍ വീഴ്ച വരുത്താതെ മാനുഷിക പരിഗണന നല്‍കി പാലിക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പിലാക്കാന്‍ കളക്ടര്‍ പഞ്ചായത്ത്, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ്, വൈദ്യുതി വകുപ്പ്, സാമൂഹ്യക്ഷേമ വകുപ്പ് എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ അടൂര്‍ എഡിഎം കെ.ദിവാകരന്‍ നായര്‍, അടൂര്‍ ആര്‍ഡിഒ എം.എ റഹിം,  ഡെപ്യൂട്ടി കളക്ടര്‍ വി.ബി.ഷീല, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു



Share this News Now:
  • Google+
Like(s): 56