17 May, 2018 03:19:46 AM


കന്നട യുദ്ധം: അര്‍ദ്ധരാത്രിയില്‍ സുപ്രിം കോടതിയില്‍ തീപാറുന്ന വാദം

ഗവര്‍ണറുടെ തീരുമാനത്തില്‍ കോടതി ഇടപെടേണ്ടതില്ലെന്ന് ബിജെപിദില്ലി: കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തില്‍ പക്ഷപാതപരമായ നടപടിയാണ് ഗവര്‍ണര്‍ സ്വീകരിച്ചത് എന്ന് വാദിച്ച് പാതിരാത്രിയിൽ കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍. മനു അഭിഷേക് സിംങ്‌വിയാണ് കോണ്‍ഗ്രസിനുവേണ്ടി വാദിക്കുന്നത്. മുന്‍ വിധികളും ചട്ടങ്ങളും എടുത്തുപറഞ്ഞാണ് സിംങ്‌വി വാദം മുന്നോട്ടുകൊണ്ടുപോകുന്നത്. സര്‍ക്കാരിയ കമ്മീഷന്‍, നിയമം എന്നിവ എടുത്തുകാട്ടിയാണ് വാദം പുരോഗമിക്കുന്നത്.


സഖ്യമായി ഗവണ്‍മെന്റ് രൂപീകരിക്കാന്‍ സാധിച്ചാല്‍ ആദ്യം അവരെയാണ് പരിഗണിക്കേണ്ടത്. സഖ്യത്തിലെ എംഎല്‍എമാരുടെ എണ്ണം ഒറ്റക്കക്ഷിയുടേതിനേക്കാള്‍ കൂടുതലാണെങ്കില്‍ അവരെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടത്. ഇതെല്ലാം കണക്കിലെടുത്ത് സത്യപ്രതിജ്ഞ ഒഴിവാക്കണം. ഇത്തരത്തില്‍ സിംങ്‌വി മികച്ച രീതിയില്‍ വാദം മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ മുഗുള്‍ റോത്തഗി ചില ബിജെപി എംഎല്‍എമാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായിരിക്കുന്നു. ഗവര്‍ണറുടെ തീരുമാനത്തില്‍ കോടതി ഇടപെടേണ്ടതില്ല, അത് ഗവര്‍ണറുടെ വിവേചനാധികാരമാണെന്നും അദ്ദേഹം ഇടയ്ക്ക് കൂട്ടിച്ചേര്‍ത്തു.


കോണ്‍ഗ്രസ് വാദങ്ങളോട് മറുചോദ്യങ്ങളുമായാണ് സുപ്രിം കോടതി. ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കും എന്നുണ്ടെങ്കില്‍ അവരെയല്ലേ വിളിക്കേണ്ടത്? യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് തനിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കും എന്ന് സൂചിപ്പിക്കുന്ന കത്ത് നല്‍കിയിട്ടില്ല എന്ന് പറയാന്‍ കഴിയുമോ? എംഎല്‍എമാരുടെ ഒരു പട്ടിക അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറിയിരിക്കാം. കോടതി ചൂണ്ടിക്കാണിച്ചു.


നേരത്തെ, ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എംഎല്‍എമാരുടെ എണ്ണം നോക്കി പാര്‍ട്ടികളുടെ സഖ്യത്തെയാണ് ഗവര്‍ണര്‍മാര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇങ്ങനെയാണ് ബിജെപി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ രീതി കടുത്ത ബിജെപിക്കാരനായ കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല മാനദണ്ഡമാക്കിയില്ല. പകരം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയും സഭയില്‍ പിന്നീട് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കുകയുമായിരുന്നു.


ഗുജറാത്തിലെ മുന്‍ ധനമന്ത്രിയായിരുന്ന വാജുഭായി വാല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാന നിയമസഭയിലെത്താന്‍ തന്റെ മണ്ഡലം ഒഴിഞ്ഞുകൊടുത്തയാളാണ്. പിന്നീട് ഗുജറാത്തില്‍ മോദിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയുമായിരുന്നു അദ്ദേഹം. മോദിയുടെ ഏറ്റവും വിശ്വസ്തനായ ഗവര്‍ണര്‍ വാജുഭായി വാല ബിജെപിക്ക് അനുകൂലമായ തീരുമാനമായിരിക്കും എടുക്കുകയെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.


ഭരണഘടനാ പ്രകാരം ഗവര്‍ണറുടെ വിവേചനാധികാരത്തെ ചോദ്യം ചെയ്യാനാവില്ല എന്നാണ് ബിജെപി വാദിക്കുന്നത്. ബിജെപിയുടെ വാദം അംഗീകരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ഉണ്ടാകുക.ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത് വിഷയം ഭരണഘടനാ ബെഞ്ചിന് വിടാനുള്ള സാഹചര്യവും ഉരുത്തിരിഞ്ഞുവരുന്നുവെന്നാണ് വിവരങ്ങള്‍. അല്ലെങ്കില്‍ സത്യപ്രതിജ്ഞ നടത്തി കുറഞ്ഞ സമയത്തിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടേക്കും. ഗവര്‍ണറുടെ നടപടി തെറ്റോ ശരിയോ എന്നതാണ് കോടതിയുടെ മുന്നിലുള്ള പ്രധാന പ്രശ്‌നം. ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെക്കാനും സാധ്യതയുണ്ട്.


മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷ പുനഃപരിശോധിക്കാന്‍ വേണ്ടിയാണ് ഇതിനുമുമ്പ് സുപ്രീം കോടതി അര്‍ധരാത്രി തുറന്നു പ്രവര്‍ത്തിച്ചത്.
Share this News Now:
  • Google+
Like(s): 316