16 May, 2018 11:48:12 PM


കാത്തിരിപ്പിനു വിരാമം; തിരുവനന്തപുരത്ത് 324 പേര്‍ക്ക് പട്ടയം

ഓഖി ദുരിതബാധിതര്‍ക്ക് മുട്ടത്തറയില്‍ 192 ഫ്‌ളാറ്റ് തയാറായി




തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 324 പേര്‍ക്ക് പട്ടയം വിതരണം ചെയ്യുമെന്ന് സഹകരണ-ടൂറിസം-ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വര്‍ഷങ്ങളായി പട്ടയം കാത്ത് കഴിഞ്ഞ തിരുവനന്തപുരം താലൂക്കിലെ 132 പേര്‍ക്കും നെയ്യാറ്റിന്‍കരയിലെ 156 പേര്‍ക്കും നെടുമങ്ങാട്, ചിറയിന്‍കീഴ് താലൂക്കുകളിലെ 11 പേര്‍ക്കു വീതവും കാട്ടാക്കടയിലെ ആറു പേര്‍ക്കും വര്‍ക്കലയിലെ എട്ടു പേര്‍ക്കും പട്ടയം വിതരണം ചെയ്യുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. 
 
ജില്ലയില്‍ ലൈഫ് പദ്ധതിയിലൂടെ 3,519 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭവനരഹിതരായ 1,431 കുടുംബങ്ങള്‍ വാര്‍ഷികാഘോഷകാലയളവില്‍ പുതിയ വീടുകളില്‍ താമസം തുടങ്ങും. ലൈഫ് വീടുകളുടെ താക്കോല്‍ വിതരണം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടക്കും. ഭവനരഹിതരായ ഭൂമിയുള്ള 2100 പേര്‍ക്ക് വീടുവയ്ക്കുതിനുള്ള ആദ്യഘട്ട സഹായധനവും ഇക്കാലയളവില്‍ കൈമാറും. ആരോഗ്യവകുപ്പിന്റെ മൊബൈല്‍ കാന്‍സര്‍ പരിശോധന യൂണിറ്റിന്‍റെയും ഊരുകളിലെത്തി ആരോഗ്യപരിശോധന നടത്തുന്ന പട്ടികവര്‍ഗ വകുപ്പിന്റെ മൊബൈല്‍ പരിശോധന യൂണിറ്റിന്‍റെയും പ്രവര്‍ത്തനങ്ങളും ആരംഭിക്കും. ജനോപകാരപ്രദമായ പദ്ധതികളുടെ ആരംഭവും പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും ഇക്കാലയളവില്‍ നടക്കും. 
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ടുവര്‍ഷം കൊണ്ട് ജില്ലയില്‍ 20,395 പേര്‍ക്കായി 42.93 കോടി രൂപ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. 2011 മുതല്‍ 16 വരെ അഞ്ചുവര്‍ഷം ജില്ലയില്‍ വിതരണം ചെയ്തത് 69.93 കോടി രൂപയാണ്. ഓഖി ദുരിതബാധിതര്‍ക്ക് മുട്ടത്തറയില്‍ 192 ഫ്‌ളാറ്റ് തയാറായി. 
 
ടൂറിസം പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മടവൂര്‍പ്പാറയില്‍ ഏഴ് കോടി രൂപയുടെ ടൂറിസം പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. 22 ഏക്കറിലാണ് പദ്ധതി നടപ്പാക്കുക. വേളിയില്‍ സര്‍ക്കാര്‍ - സ്വകാര്യ പങ്കാളിത്തത്തോടെ 50 കോടി രൂപയുടെ ടൂറിസം പദ്ധതി നടപ്പാക്കുന്നു.  21 വര്‍ഷം മുന്‍പ് ഏറ്റെടുത്ത് പ്രവൃത്തികളൊും ഇതുവരെ നടത്താനാവാതെ കിടന്ന സ്ഥലത്താണ് 30 കോടി രൂപ ചെലവില്‍ കണ്‍വെന്‍ഷന്‍ സെന്ററും ബജറ്റ് ഹോട്ടല്‍, ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയും നിര്‍മിക്കുന്നത്. തിരുവനന്തപുരം ഗസ്റ്റ്ഹൗസിന് 20 കോടി രൂപ ചെലവില്‍ പുതിയ ബ്ലോക്ക് നിര്‍മിക്കും.  തൈക്കാട് 28 കോടി രൂപ ചെലവില്‍ ടൂറിസം ബിസിനസ് പാര്‍ക്ക് സ്ഥാപിക്കും.

വിവിധ സ്ഥലങ്ങളില്‍ വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം സ്ഥാപനങ്ങള്‍ ടൂറിസം ബിസിനസ് പാര്‍ക്കിലേയ്ക്ക് പ്രവര്‍ത്തനം മാറ്റും.  അഞ്ചു കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന ആക്കുളം ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യും. ആധുനികരീതിയിലുള്ള കുട്ടികളുടെ പാര്‍ക്ക്, റസ്‌റ്റൊറന്റ്, കഫറ്റേരിയയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.   ജില്ലയിലെ 109 സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍ വഴി 1,62,000 ഗുണഭോക്താക്കള്‍ക്ക് 207 കോടി രൂപ ക്ഷേമ പെന്‍ഷനുകളായി അവരുടെ വീടുകളില്‍ എത്തിച്ചു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ നിര്‍ധനരായ രോഗികള്‍ക്കാശ്വാസമായി  19 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ കൂടി തുറന്നു. 7 നീതി സ്റ്റോറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആര്‍ദ്രം പദ്ധതിയിലൂടെ ജില്ലയിലെ 16 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി.

ഒരു വര്‍ഷത്തിനുള്ളില്‍ 162.25 കോടിയുടെ റോഡ്, പാലം പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 687 കോടിയുടെ പുതിയ പദ്ധതികള്‍ക്ക് രൂപരേഖയായി. പട്ടം 33 കെ.വി. സബ് സ്‌റ്റേഷന്‍, കാട്ടാക്കട മിനി വൈദ്യുതി ഭവന്‍ നിര്‍മാണം, ശ്രീകാര്യം ഗേള്‍സ് പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, മണ്ണന്തല ബോയ്‌സ് പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍  അടക്കം 96 നിര്‍മാണപ്രവൃത്തികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനവും വാര്‍ഷികാഘോഷ കാലയളവില്‍ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി പങ്കെടുത്തു



Share this News Now:
  • Google+
Like(s): 85