16 May, 2018 09:32:57 PM


സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കും: മുഖ്യമന്ത്രി

അസംഘടിത മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഡാറ്റാ ബാങ്ക് തയ്യാറാക്കുംതിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ജാഗ്രതയോടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സ്ത്രീ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം എന്നിവ കൈകാര്യം ചെയ്യാനാണ് പ്രത്യേക വകുപ്പ് തന്നെ സര്‍ക്കാര്‍ രൂപീകരിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച് നല്ലതല്ലാത്ത വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതു സംബന്ധിച്ച ഉത്കണ്ഠകള്‍ എല്ലാവര്‍ക്കുമുണ്ട്. നല്ല രീതിയിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്ത്രീ സംഘടനകള്‍ മുന്നോട്ടു വരണം. ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരോട് കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിലപാടെടുക്കും.

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ജന്‍ഡര്‍ ബജറ്റിംഗിന് 1267 കോടി രൂപ ലഭ്യമാക്കി. പൊതു വികസന പദ്ധതികളില്‍ സ്ത്രീകള്‍ക്ക് 1960 കോടി രൂപ വേറെയും അനുവദിച്ചിട്ടുണ്ട്. നൈപുണ്യ വികസനം, തൊഴില്‍ സൃഷ്ടിക്കല്‍, ഉപജീവന സുരക്ഷിതത്വം എന്നിവയ്ക്കും ആവശ്യമായ തുക വകയിരുത്തി. ആധുനിക വ്യവസായ മേഖലയില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കും. ഐ.ടി. മേഖലയില്‍ വനിതാ സംരംഭക പദ്ധതികള്‍ക്ക് 20 കോടി രൂപ വകയിരുത്തി. വനിതാ സെല്‍ രൂപീകരിക്കാന്‍ മൂന്നു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ദൂരസ്ഥലങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്കായി ഹോസ്റ്റല്‍ നിര്‍മിക്കും. ഉദ്യോഗസ്ഥ അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് ക്രഷുകള്‍, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍, ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ എന്നിവയും എറണാകുളത്ത് ഷീ ലോഡ്ജും സ്ഥാപിക്കും. ഉദ്യോഗസ്ഥ സ്ത്രീകള്‍ക്കായി സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കാന്‍ തൊഴില്‍ വകുപ്പ് നടപടിയായിട്ടുണ്ട്. പൊതു ഇടങ്ങളില്‍ വ്യത്തിയും നിലവാരവുമുള്ള ശൗചാലയങ്ങള്‍, മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ എന്നിവ നിര്‍മിക്കാന്‍ തുക അനുവദിച്ചു.

പട്ടിക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ പഠനവും ആരോഗ്യവും ഉറപ്പു വരുത്താന്‍ വാത്സല്യനിധി പദ്ധതി ആരംഭിച്ചു.  അംഗന്‍വാടി, ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിച്ചു. വളരെയധികം സ്ത്രീകള്‍ തൊഴിലെടുക്കുന കയര്‍, കൈത്തറി, കശുവണ്ടി മേഖലകളില്‍  സര്‍ക്കാര്‍ മികച്ച ഇടപെടല്‍ നടത്തി. വൈകല്യമുള്ള കുട്ടികള്‍ക്കുള്ള ബഡ്‌സ് സ്‌കൂളുകളുടെ എണ്ണം വര്‍ധിപ്പിക്കും. മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് പുനരധിവാസ കേന്ദ്രം ആരംഭിക്കാന്‍ നടപടി സ്വീകരിക്കും. കുഞ്ഞുങ്ങളുടെ അവകാശങ്ങളും മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വനിതാ സംഘടനകളുടെ സഹായത്തോടെ സംഘടിപ്പിക്കും.

അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം 1000 രൂപയില്‍ നിന്ന് 2000 രൂപയാക്കി. വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകളും ഷോര്‍ട് സ്റ്റേ ഹോമുകളും നിര്‍മിക്കാന്‍ നാലു കോടി രൂപയും കുടുംബശ്രീക്ക് 200 കോടി രൂപയും അനുവദിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും മാനസികാരോഗ്യം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച ജീവിത സൗകര്യങ്ങളൊരുക്കുന്നതിന് പകല്‍ വീടുകളും കൂട്ടായി താമസിക്കാനുള്ള സൗകര്യങ്ങളും ഒരുക്കും.

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. എസ്.എസ്.എല്‍.സി ബുക്കില്‍ പ്രത്യേക കോളവും ഉള്‍പ്പെടുത്തും. ലോകത്താദ്യമായി കൊച്ചി മെട്രോയില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് തൊഴില്‍ നല്‍കിയത് ഈ സര്‍ക്കാരാണ്. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് നൈപുണ്യ പരിശീലനം, ഡ്രൈവിംഗ് പരിശീലനം, തിരിച്ചറിയല്‍ കാര്‍ഡുകള്‍, സ്വയം തൊഴില്‍ പദ്ധതികള്‍ എന്നിവയും നടപ്പാക്കി വരുന്നു. തീരമേഖലയുടെ ഉണര്‍വിന് 2000 കോടിയുടെ പാക്കേജ് അനുവദിച്ചു.

മയക്കുമരുന്നിന്റെ വ്യാപനത്തിനെതിരെ സമൂഹം നല്ല ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്നു മാഫിയ ലക്ഷ്യമിടുന്നത് കുഞ്ഞുങ്ങളെയാണ്. ഒരു തലമുറയെ ഇല്ലാതാക്കാര്‍ മാഫിയകള്‍ സ്‌കൂളുകള്‍ കേന്ദ്രമാക്കി ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കുട്ടികളുടെ കൂടെ കൂടുതല്‍  സമയം ചെലവഴിക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണമെന്നും സ്‌കൂളുകളില്‍ സമൂഹത്തിന്റെ ഇടപെടലും ജാഗ്രതയും ഉണ്ടാകണമെന്നു  മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ പ്രൊഫഷണല്‍ കോളേജുകളിലെ വനിതാ ഹോസ്റ്റലുകളുടെ അവസ്ഥ പരിശോധിക്കുമെന്നും അസംഘടിത മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഡാറ്റാബാങ്ക് തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ, സാമൂഹിക നീതി, വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, സ്‌പെഷ്യല്‍ സെക്രട്ടറി, ബിജു പ്രഭാകര്‍, വനിതാ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this News Now:
  • Google+
Like(s): 265