16 May, 2018 12:05:24 PM


അഡ്വ. സെബാസ്റ്റ്യന്‍ പോളിന്റെ അമ്മ അഡ്വ. അന്നമ്മ പോള്‍ അന്തരിച്ചു

സംസ്‌ക്കാരം വൈകിട്ട് നാലിന് ഫ്രാന്‍സിസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍




കൊച്ചി: മുന്‍ എംപി അഡ്വ. സെബാസ്റ്റ്യന്‍ പോളിന്റെ അമ്മ അഡ്വ. അന്നമ്മ പോള്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. പുലര്‍ച്ചെ നാലിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം വൈകിട്ട് നാലിന് ഫ്രാന്‍സിസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍. മൃതദേഹം പ്രൊവിഡന്‍സ് റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവെച്ചു.


മൂഞ്ഞപ്പിള്ളി പരേതനായ എംഎസ് പോളിന്റെ ഭാര്യയാണ്. അറുപതാം വയസ്സില്‍ എറണാകുളം മഹാരാജാസ് കോളെജില്‍ വിദ്യാര്‍ത്ഥിനിയായി ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് അന്നമ്മ പോള്‍. 1946 ല്‍ വിവാഹിതയാകുമ്പോള്‍ പത്താംക്‌ളാസ് മാത്രമാണ് അന്നമ്മ പോളിനുണ്ടായിരുന്ന വിദ്യാഭ്യാസ യോഗ്യത. പിന്നീട് ഇളയ മകള്‍ ഗ്‌ളോറിക്കൊപ്പം പ്രീഡിഗ്രിയും ബിഎയും ഫസ്റ്റ് ക്‌ളാസില്‍ പാസായി. അതിനു ശേഷമാണ് മകന്‍ സുബലിനൊപ്പം എംഎക്ക് മഹാരാജാസില്‍ ചേര്‍ന്ന് പഠനം നടത്തിയത്. എംഎ, എല്‍എല്‍ബി ബിരുദങ്ങള്‍ സമ്പാദിച്ചതിനു ശേഷം അറുപത്തിയഞ്ചാമത്തെ വയസില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.


1989ല്‍ 65ാം വയസില്‍ ഇളയമകന്‍ സുബലിനൊപ്പമാണ് അന്നമ്മപോള്‍ വക്കീലായി സന്നത്തെടുക്കുന്നത്. എട്ടുമക്കളില്‍ നാലുപേരും അഭിഭാഷകരാണ്. പരേതയായ മേരി ജോര്‍ജ് കാട്ടിത്തറ, എലക്ട പോള്‍ തോട്ടത്തില്‍, തോമസ് പോള്‍, ആര്‍ട്ടിസ്റ്റ് ജോ പോള്‍, സബീന പോള്‍, ഗ്‌ളോറിയ ബാബു പയ്യപ്പിള്ളി, അഡ്വ. സുബല്‍ ജെ പോള്‍ എന്നിവരാണ് മറ്റു മക്കള്‍.



Share this News Now:
  • Google+
Like(s): 25