16 May, 2018 10:32:13 AM


ബി ജെ പിയ്ക്ക് ആശ്വാസമേകി എം എൽ എ മതില്‍ ചാടി

പ്രജ്ഞാവന്താ ജനതാപാര്‍ട്ടി എം.എല്‍.എയാണ് ബിജെപിക്ക് പിന്തുണ അറിയിച്ചത്




ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന് ആശ്വാസം പകര്‍ന്ന് കര്‍ണാടക പ്രജ്ഞാവന്താ ജനതാപാര്‍ട്ടി എം.എല്‍.എ ആര്‍.ശങ്കര്‍. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ അറിയിച്ച് ആര്‍.ശങ്കര്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാവുമായ യെദ്യൂരപ്പയെ വീട്ടിലെത്തി കണ്ടു.


കര്‍ണാടക പ്രജ്ഞാവന്താ ജനതാപാര്‍ട്ടിയുടെ ബാനറില്‍ റാണിബെന്നൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച ആര്‍ ശങ്കര്‍ 63910 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 112 സീറ്റിന്റെ കേവല ഭൂരിപക്ഷം വേണമെങ്കിലും 104 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. ആര്‍.ശങ്കറിന്റെ പിന്തുണ കൂടി ലഭിക്കുകയാണെങ്കില്‍ ഇനി ഏഴ് പേരുടെ കൂടെ പിന്തുണ ലഭിച്ചാല്‍ മതിയാവും.


ഇതിനിടെ തുടര്‍ തീരുമാനങ്ങളെടുക്കാനും എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിക്കാനുമായി കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗം അല്‍പസമയത്തിനകം ചേരും. സര്‍ക്കാര്‍ രൂപീകരണത്തിന് ഏത് വഴിയും തേടുമെന്ന് കര്‍ണാടകത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. 


മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തും മറ്റും മറ്റ് പാര്‍ട്ടികളില്‍ നിന്ന് എം.എല്‍.മാരെ ചാക്കിലാക്കാനുള്ള നടപടി ക്രമങ്ങള്‍ക്ക് ബി.ജെ.പിയും തുടക്കം കുറിച്ചിട്ടുണ്ട്. തനിക്ക് മന്ത്രി സ്ഥാനം വാഗ്ദാനം നല്‍കി ബി.ജെ.പിയില്‍ നിന്നും വിളി വന്നതായി കോണ്‍ഗ്രസ് എംഎല്‍എ അമരഗൗഡ ലിംഗനഗൗഡ പാട്ടീല്‍ മാധ്യങ്ങളോട് പ്രതികരിച്ചു. കുഷ്തഗി മണ്ഡലത്തില്‍ നിന്നാണ് അമരഗൗഡ ലിംഗനഗൗഡ പാട്ടീല്‍ ജനവിധി തേടിയത്.



Share this News Now:
  • Google+
Like(s): 183