15 May, 2018 09:51:39 AM


വാഗമണ്‍ സിമി ക്യാമ്പ് കേസ്‌:18 പ്രതികള്‍ക്ക്‌ 7 വര്‍ഷം കഠിന തടവ്‌

കൊച്ചി എന്‍ഐഎ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌




കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ 18 പ്രതികള്‍ക്ക്‌ 7 വര്‍ഷം കഠിന തടവ്. കൊച്ചി എന്‍ഐഎ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌. ശിക്ഷയില്‍ റിമാന്‍ഡ്‌ കാലവധി പരിഗണിക്കാമെന്നും കോടതി ഉത്തരവായി. കേസില്‍ നാല്‌ മലയാളികളടക്കം 35 പേരെയാണ്‌ വിചാരണ ചെയ്‌തത്‌. 17 പേരെ വിട്ടയച്ചു. കൃത്യമായ തെളിവുകളുടെ അഭാവത്തിലാണ് 17 പേരെ വെറുതെ വിട്ടത് .ഗൂഢാലോചന , നിയമവിരുദ്ഖ പ്രവര്‍ത്തനം, നിരോധിത സംഘടനയില്‍ പ്രവര്‍ത്തനം തുടങ്ങിയ വകുപ്പുകളാണ്‌ ചുമത്തിയിട്ടുള്ളത്‌. 

നിരോധിത സംഘടനയായ സിമി വാഗമണ്ണിലെ കോഹാലമേട്ടില്‍ തങ്ങള്‍പാറയില്‍ 2007 ഡിസംബര്‍ 10 മുതല്‍ 22 വരെ നടത്തിയ ആയുധ പരിശീലന ക്യാമ്പാണ്‌ കേസിനാധാരം, ബോംബ്‌ നിര്‍മ്മാണം, തോക്കുപയോഗം കാട്ടിലൂടെയുള്ള ബൈക്കോടിക്കല്‍ എന്നിവയില്‍ ക്യാമ്പില്‍ പരിശീലനം നല്‍കിയതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. രാജ്യത്തെ ചില തീവ്രവാദ സ്‌ഫോടനങ്ങളിലെ പ്രതികളും ക്യാമ്പില്‍ പങ്കെടുത്തിരുന്നു. മറ്റ്‌ ക്യാമ്പുകളില്‍നിന്ന്‌ പരിശീലനം ലഭിച്ച 50 പേരെയാണ്‌ ഇവിടെ പങ്കെടുപ്പിച്ചത്‌. പാനായിക്കുളം സിമി രഹസ്യയോഗ കേസിലെ പ്രതി ഈരാറ്റുപേട്ട സ്വദേശി പി എ ഷാദുലിയെയാണ്‌ ക്യാമ്പിന്റെ നടത്തിപ്പിനായി നിശ്‌ചയിച്ചിരുന്നത്‌. 

ബംഗളൂരു, അഹമ്മദാബാദ്, സൂറത്ത്, വാരാണസി എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ ഈ പ്രതികളുടെ പങ്ക് കണ്ടെത്തിയിരുന്നു. 



Share this News Now:
  • Google+
Like(s): 42