Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

14 May, 2018 10:13:29 PM


കൊതുകുനിര്‍മാര്‍ജനം ഒരാഴ്ച്ചയ്ക്കകം പൂര്‍ത്തിയാക്കണം - മന്ത്രി കെ.കെ.ശൈലജ

കാസര്‍ഗോഡ് ഈ വര്‍ഷം 37 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചുകാസര്‍ഗോഡ്: ഒരാഴ്ച്ചക്കകം ജില്ലയില്‍ കൊതുകു നിര്‍മാര്‍ജനം സാധ്യമാക്കണമെന്നും ഇതിനായി വാര്‍ഡ് തല ആരോഗ്യ ശുചിത്വ സമിതികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ വരുന്നത് മൂന്ന് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്.  സര്‍ക്കാര്‍ ആശുപത്രികള്‍ മെച്ചപ്പെട്ടതിന് തെളിവാണിത്. എങ്കിലും മഴക്കാലത്ത് ഉണ്ടാകാവുന്ന പനിനിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. മരുന്നിന് കുറവ് വരാതിരിക്കാന്‍ അവശ്യ ഘട്ടങ്ങളില്‍ പഞ്ചായത്തുകള്‍ക്ക് മരുന്നു വാങ്ങി നല്‍കാനുള്ള അധികാരം നേരത്തേ തന്നെ നല്‍കിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. 

കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ പകര്‍ച്ചവ്യാധി പ്രധിരോധ പ്രവര്‍ത്തന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള സീറം സെപ്പറേഷന്‍ യൂണിറ്റ് എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാനുള്ള നിര്‍ദേശവും മന്ത്രി ആരോഗ്യവകുപ്പധികൃതര്‍ക്ക് നല്‍കി. ഡെങ്കിപ്പനിക്കെതിരേ കരുതിരിയിരിക്കണം. 2017 - ല്‍ 37 ഡെങ്കിപ്പനി കേസുകള്‍  സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമേ എച്ച്1 എന്‍1, മലേറിയ, കോളറ എന്നിവയ്‌ക്കെതിരെയും കരുതിയിരിക്കണം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത്തരം രോഗങ്ങള്‍ തടയാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും പനിമരണം പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.തോട്ടം മേഖലയിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നതിനാല്‍ തോട്ടം മുതലാളിമാരെ വിളിച്ചുചേര്‍ത്ത് അവരുടെ തൊഴിലാളികളെക്കൊണ്ട് തോട്ടം വൃത്തിയാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് എഡിഎമ്മിന് നിര്‍ദേശം നല്‍കി. ഇതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണവും ഉറപ്പാക്കണം. ആരോഗ്യ ജാഗ്രത പ്രകാരമുള്ള മാര്‍ഗരേഖ അനുസരിച്ച് ഇരുപത് വീടുകള്‍ക്ക് ഒരാള്‍ എന്ന തോതില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം സജീവമാക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ ഈ വര്‍ഷം മേയ് വരെ 147 പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതില്‍ 37 എണ്ണം ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചതായും അതില്‍ ഒരാള്‍ മരണപ്പെട്ടതായും റിപ്പോര്‍ട്ട് അവതരിപ്പിച്ച ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ കെ.കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രഫ.കെ.പി.ജയരാജന്‍, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എന്‍.സുലൈഖ, വിവിധ തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികള്‍, എഡിഎം: എന്‍.ദേവീദാസ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍.സരിത, ഡിഎംഒ: എ.പി.ദിനേശ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
Share this News Now:
  • Google+
Like(s): 258