14 May, 2018 07:35:36 PM
ഐ എസ് സി പരീക്ഷയില്‍ മാന്നാനം കെ.ഈ സ്കൂളിലെ ആദിത്യ കൃഷ്ണയ്ക്ക് രണ്ടാം റാങ്ക്
ഐ സി എസ് ഇ, ഐ എസ് സി വിഭാഗങ്ങളില്‍ മാന്നാനം സ്കൂളിന് നൂറു മേനി

കോട്ടയം: കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കേറ്റ് എക്സാമിനേഷന് നടത്തിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ (ഐ എസ് സി) കോട്ടയം മാന്നാനം കെ.ഈ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എസ്. ആദിത്യ കൃഷ്ണയ്ക്ക് ദേശീയതലത്തില്‍ രണ്ടാം റാങ്ക്. മാന്നാനം കെ.ഈ സ്കൂളിന്റെ ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിയാണ് ബാങ്ക് ഉദ്യോഗസ്ഥരായ സുരേഷ് ബാബുവിന്റെയും ദീപാ സുരേഷിന്റെയും ഏക മകന് ആദിത്യയുടെ നേട്ടം.
99.25 ശതമാനം മാര്‍ക്ക് വാങ്ങിയാണ് ആദിത്യ കൃഷ്ണ രണ്ടാം റാങ്കിനര്ഹനായത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ് എന്നിവയായിരുന്നു പ്രധാന വിഷയങ്ങള്‍. ഫിസിക്സിനും കമ്പ്യൂട്ടര്‍ സയന്‍സിനും നൂറ് ശതമാനം നേടിയപ്പോള്‍ കെമിസ്ട്രിയ്ക്ക് 99, ഇംഗ്ലീഷിന് 98, കണക്കിന് 96 ശതമാനം എന്നിങ്ങനെ മാര്‍ക്ക് ആദിത്യ കരസ്ഥമാക്കി. ഐ എസ് സി പരീക്ഷയില്‍ രണ്ടാം റാങ്ക് ലഭിച്ചത് മാന്നാനം സ്കൂളിനും ആദ്യ അനുഭവമാണ്.

പഠനത്തില്‍ മാത്രമല്ല പാഠ്യേതരവിഷയങ്ങളിലും വളരെ മുന്നിലായിരുന്നു ആദിത്യ. ഇംഗ്ലീഷ് ഒളിമ്പ്യാഡിന് ഇന്റര്‍നാഷണല്‍ തലത്തില്‍ മൂന്നാം റാങ്ക് നേടിയിരുന്നു. ഇതിന്റെ പുരസ്കാരം ജൂണ്‍ 3ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഏറ്റുവാങ്ങും. സയന്‍സ് ഒളിമ്പ്യാഡിലും ഡിബേറ്റിംഗ്, പ്രസംഗം എന്നിവയിലുമൊക്കെ മുന്‍ നിരയിലായിരുന്ന ആദിത്യ സ്കൂള്‍ തലത്തില്‍ സ്റ്റേജ് പരിപാടികളില്‍ മിടുക്കനായ കോമ്പയറുമായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ ഫാ.ജയിംസ് മുല്ലശ്ശേരി പറയുന്നു. ശാസ്ത്രജ്ഞനാകുക എന്നതാണ് ആദിത്യ കൃഷ്ണയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ സയന്‍സ് വിഷയത്തില്‍ ഉപരിപഠനത്തിന് ശ്രമിക്കുകയാണ് ഈ മിടുക്കന്.
തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശികളാണ് ആദിത്യയുടെ മാതാപിതാക്കള്‍. പിതാവ് സുരേഷ്ബാബു ഫെഡറല്‍ ബാങ്ക് വിഴിഞ്ഞം ശാഖയില്‍ മാനേജരാണ്. അമ്മ ദീപ കുറവിലങ്ങാട് എസ്ബിഐയില്‍ മാനേജരും. പത്താം ക്ലാസ് വരെ തിരുവനന്തപുരം സെന്റ് തോമസ് സ്കൂളിലായിരുന്നു ആദിത്യയുടെ വിദ്യാഭ്യാസം. ദീപയ്ക്ക് കുറവിലങ്ങേട്ട് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ പതിനൊന്നാം ക്ലാസില്‍ ആദിത്യയെ കെ.ഈ.സ്കൂളില്‍ ചേര്‍ത്തു. ഇപ്പോള്‍ ഇവര്‍ കുടുംബസമേതം തെള്ളകത്ത് ആണ് താമസം.
ഐ എസ് സി വിഭാഗത്തില്‍ 99.25 ശതമാനം മാര്‍ക്കോടു കൂടി എസ്.ആദിത്യകൃഷ്ണ രണ്ടാം റാങ്ക് നേടിയപ്പോള്‍ 95 ശതമാനം മാര്‍ക്ക് വാങ്ങി ജോയല്‍ ജോസ് സ്കൂള്‍ ടോപ്പറായി. ഐ എസ് സി വിഭാഗത്തില്‍ 170 കുട്ടികളില്‍ 70 പേരും ഐ സി എസ് ഇ വിഭാഗത്തില്‍ 72 കുട്ടികളില്‍ 23 പേരും തൊണ്ണൂറ് ശതമാനത്തിന് മേല്‍ മാര്‍ക്ക് കരസ്ഥമാക്കിയാണ് വിജയിച്ചത്. ഇരു പരീക്ഷകളിലും നൂറ് ശതമാനം വിജയം കൈവരിക്കാന്‍ സ്കൂളിന് കഴിഞ്ഞതായി പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരി അറിയിച്ചു.