14 May, 2018 10:00:15 AM


മുഖ്യമന്ത്രിക്കു പൈലറ്റ് പോയ പോലീസ് ജീപ്പ് മറിഞ്ഞു, ജീപ്പ് ഉയര്‍ത്തി മാറ്റുന്നതും കാത്ത് മുഖ്യമന്ത്രി

മലപ്പുറം കുന്നുമ്മല്‍ ജംഗക്ഷനില്‍ രാത്രി 9.45 ഓടെയായിരുന്നു അപകടം




മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച കാറിന്റെ പൈലറ്റ് വാഹനം മലപ്പുറത്ത് അപകടത്തില്‍ പെട്ടു. മലപ്പുറം കുന്നുമ്മല്‍ ജംഗക്ഷനില്‍ ഡിവൈഡറില്‍ തട്ടിയായിരുന്നു വാഹനം അപകടത്തില്‍ പെട്ടത്. രാത്രി 9.45 ഓടെയായിരുന്നു സംഭവം. കൊണ്ടോട്ടി പോലീസ് ജീപ്പായിരുന്നു മുഖ്യമന്ത്രിയുടെ വാഹനത്തിനു പൈലറ്റ് ചുമതല വഹിച്ചിരുന്നത്. മുഖ്യമന്ത്രിക്കു വഴിയൊരുക്കാന്‍ വേണ്ടി ചീറി പായുന്നതിനിടയില്‍ ഡിവൈഡറില്‍ തട്ടി വാഹനം മറിയുകയായിരുന്നു.


ഈ സമയം മറിഞ്ഞ വാഹനത്തിനു പിന്നാലെ മറ്റു വാഹനങ്ങള്‍ എത്തിയതോടെ ഗതാഗതം തടസപ്പെട്ടു. വഴി തടസപ്പെട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി റോഡില്‍ കാത്തു നിന്നു. അഞ്ചു മിനിറ്റോളം ഈ കാത്തിരിപ്പു തുടര്‍ന്നു. ഇതോടെ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയെ കണ്ട നാട്ടുകാര്‍ തടിച്ചുകൂടി. രണ്ടു മാസം മുമ്പ് കൊട്ടാരക്കര വാളകത്ത് മുഖ്യമന്ത്രിക്കു പൈലറ്റ് പോയ വാഹനം കെ എസ് ആര്‍ ടി സി ബസില്‍ ഇടിച്ച് നാലു പോലീസുകാര്‍ക്കു പരിക്കേറ്റിരുന്നു.



Share this News Now:
  • Google+
Like(s): 231