13 May, 2018 06:52:10 PM


കാല് മാറി ശസ്ത്രക്രിയ; മരടിലെ സ്വകാര്യ ആശുപത്രിയ്ക്കെതിരെ പരാതി

സൗത്ത് പറവൂർ സ്വദേശിനി പതിനഞ്ചുകാരിയ്ക്കായിരുന്നു ശസ്ത്രക്രീയ





കൊച്ചി: സ്ഥാനം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ പരാതി. സൗത്ത് പറവൂർ സ്വദേശി പ്രദീപന്‍റെ മകളായ പതിനഞ്ചു വയസ്സുകാരിയ്ക്കാണ് മരടിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച സ്ഥാനം മാറി ശസ്ത്രക്രിയ നടത്തിയത്. വലത് ഭാഗത്ത് ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഇടത് ഭാഗത്താണ് ശസ്ത്രക്രിയ നടത്തിയത്. ഇടത് ഭാഗത്ത് നേരത്തെ ശസ്ത്രക്രിയ നടത്തി സുഖപ്പെട്ടതായിരുന്നു.
 
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15ന് ആയിരുന്നു ശസ്ത്രക്രിയയ്ക്ക് ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറ്റിയത്. ശസ്ത്രക്രിയ കഴിഞ്ഞ് വൈകിട്ട് 6ന് മുറിയിലേക്ക് കൊണ്ടുവന്നു. തുടർന്ന് അമ്മ പരിശോധിച്ചപ്പോഴാണ് സ്ഥാനം മാറി ശസ്ത്രക്രിയ നടത്തിയ വിവരം അറിയുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടറോട് വിവരം പറഞ്ഞിട്ടും പരിശോധനയ്ക്ക് എത്തിയില്ലെന്ന് വീട്ടുകാർ ആരോപിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് മരട് പോലീസും സ്ഥലത്തെത്തി. തുടർന്ന് രാത്രി 11.30ന് ഡോക്ടറെ പോലീസ് വിളിച്ചു വരുത്തി. വെള്ളിയാഴ്ച്ച രാവിലെ 11ന് വീട്ടുകാർ നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങി കുട്ടിയെ തൃപ്പൂണിത്തുറയിലുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. വൈകിട്ടോടെ വീട്ടിലേക്കും മടങ്ങി. 

വലതു ഭാഗത്ത് ശസ്ത്രക്രിയ ചെയ്തതോടൊപ്പം ഇടതു ഭാഗത്ത് നേരത്തേ ശസ്ത്രക്രിയ നടത്തിയ ഭാഗത്തുണ്ടായ പഴുപ്പ് നീക്കം ചെയ്യുകയായിരുന്നു എന്നും, ശസ്ത്രക്രിയയ്ക്കു ശേഷം ഇത് ഡോക്ടർ കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കാൻ വിട്ടുപോയതാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ ഇത് കളവാണെന്നും ശസ്ത്രക്രിയ നടത്തേണ്ടിയിരുന്ന കുട്ടിയുടെ വലതുഭാഗത്ത് ശസ്ത്രക്രിയ ചെയ്തിട്ടില്ലെന്നും സ്ഥാനം മാറി ഇടതുഭാഗത്ത് മാത്രമാണ് ശസ്ത്രക്രിയ നടത്തിയതെന്നും പിതാവ് പ്രദീപൻ അറിയിച്ചു



Share this News Now:
  • Google+
Like(s): 78