11 May, 2018 10:43:11 PM


കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള മെയ് 14 മുതല്‍ തിരുവനന്തപുരത്ത്

അഞ്ച് തിയേറ്ററുകളിലായി 140 ചലച്ചിത്രങ്ങള്‍




തിരുവനന്തപുരം: കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.സി.എഫ്.എഫ്.കെ-2018) മെയ് 14 മുതല്‍ 20 വരെ നടക്കും. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ടാഗോര്‍, കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ അഞ്ച് തിയേറ്ററുകളിലാണ് ചലച്ചിത്രമേള നടക്കുക. ലോകോത്തര ചലച്ചിത്രങ്ങളടക്കം 140 കുട്ടികളുടെ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 
 
അഞ്ച് തിയേറ്ററുകളില്‍ ദിവസേന നാലു പ്രദര്‍ശനങ്ങള്‍ വീതം, ഒരു ദിവസം 20 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും, വിദേശീയരും, തദ്ദേശീയരുമായ നാലായിരത്തിലധികം ഡെലിഗേറ്റുകള്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കും. സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികള്‍ ഉള്‍പ്പെടെ 800ഓളം കുട്ടികളെ താമസിപ്പിച്ച് ചലച്ചിത്രമേള കാണുന്നതിന് സൗകര്യം ഒരുക്കും. സംസ്ഥാനത്തെ വിവിധ അനാഥാലയങ്ങളില്‍ കഴിയുന്ന 500ഓളം കുട്ടികള്‍ക്കും ചലച്ചിത്രോത്സവം കാണാന്‍ അവസരം ഒരുക്കുന്നുണ്ട്.  കുട്ടികളുടെ വൈജ്ഞാനിക വൈകാരികതലങ്ങളെ സ്പര്‍ശിക്കുന്ന സിനിമകള്‍ക്ക് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. അതിവൈകാരികതയും ദൃശ്യങ്ങളുടെ അതിഭാവികുത്വത്തിനുമപ്പുറം ഹൃദയ സ്പര്‍ശികളായ സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. 
 
ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ എല്ലാ ദിവസവും സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ വിജയികളുടെയും, ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികളുടെയും, കുട്ടികളുടെ രംഗത്ത് സര്‍ഗ്ഗാത്മക കഴിവ് തെളിയിച്ചവരുടെയും വിവിധ കലാപരിപാടികള്‍, കുട്ടികളെ ആകര്‍ഷിക്കുന്ന അമ്യൂസ്മെന്റ് പാര്‍ക്ക്, എക്സിബിഷന്‍ എന്നിവ ഉണ്ടായിരിക്കും. കൈരളി, ടാഗോര്‍ എന്നീ തിയേറ്ററുകളിലെ അങ്കണത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും. കുട്ടികള്‍ക്ക് ചലച്ചിത്രത്തിന്റെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്നതിന് ഒരു സ്ഥിരം വേദിയും ഒരുക്കും. ഇവിടെ കുട്ടികളുടെ സംശയങ്ങള്‍ക്ക് ചലച്ചിത്ര രംഗത്തെ പ്രഗല്‍ഭര്‍ മറുപടി നല്‍കും. മുന്‍കാലങ്ങളില്‍ കേരളത്തില്‍ നിന്നും ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ബാലപ്രതിഭകളുടെ സംഗമം മേളയില്‍ ഒരുക്കും. മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, പ്രശസ്തരായ ചലച്ചിത്ര നടീനടന്മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങി പ്രമുഖര്‍ വിവിധ ദിവസങ്ങളിലെ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കും.  
 
ഡെലിഗേറ്റ് പാസ്സിനായി www.icffk.com എന്ന വെബ്സൈറ്റിലോ ശിശുക്ഷേമ സമിതിയുടെ തൈക്കാടുള്ള ഓഫീസില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 150 രൂപയാണ് ഡെലിഗേറ്റ് പാസ്. രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടികളോടൊപ്പം രജിസ്റ്റര്‍ ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ചലച്ചിത്രമേളയുടെ ഉദ്ഘാടനം മെയ് 15 ന് ഉച്ചയ്ക്ക് 12 ന് ടാഗോര്‍ തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും



Share this News Now:
  • Google+
Like(s): 76