11 May, 2018 09:02:03 PM


തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത ആര്‍.ആര്‍. നഗര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

തിരഞ്ഞെടുപ്പ് മെയ് 28ന് നടക്കും




ബംഗളൂരു: തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത ആര്‍.ആര്‍. നഗര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവെച്ചു. മെയ് 28 ലേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തിരുന്നു. വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിന് വേണ്ടിയാകാം ഇത്തരത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സ്ഥാനാര്‍ഥി ശേഖരിച്ചത് എന്നായിരുന്നു കമ്മീഷന്റെ  കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുനിരത്നത്തിനെ പ്രതിചേര്‍ത്തുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. 


ആര്‍.ആര്‍ നഗറിലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം വന്നിരുന്നില്ല. എന്നാല്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചുകൊണ്ടുള്ള തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായത്. ബംഗളൂരുവിലെ ഒരു ചേരിയില്‍ താമസിക്കുന്നവരില്‍ നിന്ന് ശേഖരിച്ച തിരിച്ചറിയല്‍ കാര്‍ഡുകളാണ് കണ്ടെടുത്തത്. ഈ കാര്‍ഡിന്റെ ഉടമകളില്‍ ചിലരെ കമ്മീഷന്‍ നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് കാര്‍ഡുകള്‍ സമ്മാനങ്ങള്‍ നല്‍കാനായി ശേഖരിച്ചതാണെന്ന് തെളിഞ്ഞത്.



Share this News Now:
  • Google+
Like(s): 68