11 May, 2018 08:54:18 PM


വരാപ്പുഴ കസ്റ്റഡി കൊലപാതകം: എവി ജോര്‍ജിന് സസ്പെന്‍ഷന്‍

റൂറല്‍ ടൈഗര്‍ ഫോഴ്‌സിന് രൂപം നല്‍കിയത് ഡിജിപിയുടെ അനുമതിയില്ലാതെ




തിരുവനന്തപുരം: വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ എവി ജോര്‍ജിനെതിരെ വകുപ്പ് തല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കസ്റ്റഡി മരണത്തില്‍ എവി ജോര്‍ജ് വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.


ജോര്‍ജിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എസ്പിയുടെ വീഴ്ചകള്‍ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടില്‍ എവി ജോര്‍ജിനെതിരെ അച്ചടക്ക നടപടിയ്ക്ക് അന്വേഷണസംഘം ശുപാര്‍ശ ചെയ്തിരുന്നു. എവി ജോര്‍ജിനെതിരെ വകുപ്പ് തല നടപടിയ്ക്കാണ് ശുപാര്‍ശ ചെയ്തിരുന്നത്. റൂറല്‍ ടൈഗര്‍ ഫോഴ്‌സിന്റെ രൂപീകരണത്തില്‍ എവി ജോര്‍ജിന് തെറ്റ് പറ്റിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നുണ്ട്.


ഡിജിപിയുടെ അനുമതി ഇല്ലാതെയും ചട്ടങ്ങള്‍ പാലിക്കാതെയുമാണ് റൂറല്‍ ടൈഗര്‍ ഫോഴ്‌സിന് എവി ജോര്‍ജ് രൂപം നല്‍കിയത്. മാത്രമല്ല ഡിപ്പാര്‍ട്ടമെന്റ് നല്‍കിയ പണം വകമാറ്റി ചെലവഴിച്ചാണ് റൂറല്‍ ടൈഗര്‍ ഫോഴ്‌സിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എ.വി.ജോര്‍ജിന് പങ്കുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അതേസമയം വ്യാജമൊഴി തയ്യാറാക്കിയത് എസ്പിയുടെ ശ്രദ്ധയില്‍പ്പെട്ടതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.



Share this News Now:
  • Google+
Like(s): 172