10 May, 2018 09:27:51 PM


അഴീക്കല്‍ തുറമുഖ വികസനം: കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവെച്ചു

പദ്ധതിയുടെ പ്രാരംഭഘട്ടത്തിന് വേണ്ടി 500 കോടി




കൊല്ലം: കിഫ്ബിയില്‍ നിന്നുള്ള സാമ്പത്തികസഹായത്തോടെ അഴീക്കല്‍ തുറമുഖം വികസിപ്പിക്കുന്നതിനുള്ള ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി കരാറില്‍ ഒപ്പുവെച്ചു. രണ്ടുഘട്ടമായി വികസിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭഘട്ടത്തിന് വേണ്ടി 500 കോടി രൂപയാണ് കിഫ്ബിയില്‍ നിന്ന് അനുവദിച്ചിരിക്കുന്നത്.


മുഖ്യമന്ത്രി പിണറായി വിജയന്റെയും വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടേയും സാന്നിധ്യത്തില്‍ അഴീക്കല്‍ തുറമുഖ വികസനത്തിന് രൂപീകരിച്ച അഴീക്കല്‍ പോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ എച്ച്. ദിനേശനും കണ്‍സള്‍ട്ടന്റ് കമ്പനിയായ ഹോവ് എന്‍ജിനീയറിംഗ് പ്രോജക്ട്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റ് വിനയ് സിംഗാളുമാണ് കരാര്‍ ഒപ്പിട്ടത്.


തുറമുഖ വികസനത്തിന്റെ വിശദമായ പദ്ധതിരേഖയും പാരിസ്ഥിതിക പഠനവും പൂര്‍ത്തിയാക്കുന്നതിനാണ് ആഗോള ടെണ്ടര്‍ മുഖേന ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചിരിക്കുന്നത്. കരാര്‍പ്രകാരം 61 ആഴ്ച കാലാവധിയാണ് സാങ്കേതിക പഠനവും, വിശദ പദ്ധതിരേഖയും, പാരിസ്ഥിതിക പഠനവും പൂര്‍ത്തിയാക്കാന്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റിന് അനുവദിച്ചിരിക്കുന്നത്. തുറമുഖ വികസനവുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ച അഴീക്കല്‍ പോര്‍ട്ട് ലിമിറ്റഡ് കമ്പനി സമയബന്ധിതമായി പൂര്‍ത്തീകരിച്ച് 2019 ല്‍ തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 



Share this News Now:
  • Google+
Like(s): 142