10 May, 2018 02:29:22 PM


സൂര്യയും ഇഷാനും ഒന്നായി; കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം

സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം



തിരുവനന്തപുരം: കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായി സൂര്യയും ഇഷാന്‍ കെ.ഷാനും. കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. തിരുവനന്തപുരം മന്നം ക്ലബില്‍ നടന്ന വിവാഹത്തില്‍ അനുഗ്രഹാശംസകളുമായി നിരവധി ആളുകളാണ് ഇവിടെയെത്തിയത്.


പ്രണയം പൂവണിയുമ്പോള്‍ എല്ലാം നിയമപരമായി തന്നെ വേണമെന്നത് ഇഷാന്‍റെ ആഗ്രഹമായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ് സംസ്ഥാന അംഗമാണ് സൂര്യ, ഇഷാന്‍ ആകട്ടെ ജില്ലാ ഭാരവാഹിയും. നിയമപരമായ വിവാഹം ഒരുമിക്കാന്‍ കൊതിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്ക് പ്രചോദനമാകട്ടെയെന്നാണ് വരന്‍റെയും വധുവിന്‍റെയും ആശംസ.


പാറ്റൂര്‍ മടത്തുവിളാകത്തു വീട്ടില്‍ വിജയ കുമാരന്‍ നായരുടേയും ഉഷാവിജയന്റേയും മകളാണ് സൂര്യ. വള്ളക്കടവ് മുഹമ്മദ് കബീറിന്റേയും ഷാനിഫാ കബീറിന്റേയും മകനാണ് ഇഷാന്‍. ആണായി പിറന്നെങ്കിലും പെണ്ണായി ജീവിക്കാന്‍ തീരുമാനിച്ച സൂര്യ. 2014-ലാണ് സൂര്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാവുന്നത്.


ആറുവര്‍ഷത്തെ സൗഹൃദത്തിന് ഒടുവിലാണ് സൂര്യയും ഇഷാനും വിവാഹിതരായത്. കേരളത്തില്‍ ആദ്യമായി തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കി വോട്ട് ചെയ്‌ത ട്രാന്‍സ്‌ജെ‌ന്‍ഡറാണ് നര്‍ത്തകിയും മിമിക്രി ആര്‍ടിസ്റ്റും സിനിമാ നടിയുമായ സൂര്യ.


വീട്ടുകാരുടെ സമ്മതത്തോടെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമാണ് തങ്ങള്‍ വിവാഹം ചെയ്യുന്നതെന്നും കേരളത്തിലെ, ഒരുപക്ഷേ ഇന്ത്യയിലെത്തന്നെ ആദ്യ നിയമവിധേയ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന്‍റെ ഭാഗമാകാന്‍ പോവുന്നു എന്നതില്‍ വളരെ സന്തോഷമുണ്ടെന്നും വിവാഹത്തെകുറിച്ച്‌ സുര്യ പ്രതികരിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 158