10 May, 2018 01:33:00 PM


തോമസ് ചാണ്ടിക്കെതിരെ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവ്

കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്



കോട്ടയം: എന്‍സിപി സംസ്ഥാന അധ്യക്ഷനും മുന്‍മന്ത്രിയുമായ തോമസ് ചാണ്ടിക്കെതിരായ കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.


തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മിച്ചെന്ന കേസിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തിന് വിജിലന്‍സിന് നാലുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. എല്ലാമാസവും അഞ്ചാമത്തെ പ്രവൃത്തി ദിനത്തില്‍ അന്വേഷണപുരോഗതി കോടതിയെ അറിയിക്കണം. നിലം നികത്തലും എംപി ഫണ്ടിന്റെ ദുര്‍വിനിയോഗവുമാണ് തോമസ് ചാണ്ടിക്കെതിരായ കുറ്റങ്ങള്‍.


കേസില്‍ നിലവില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി യുവജനതാദള്‍ പ്രവര്‍ത്തകനായ സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മെയ് നാലിന് കേസ് പരിഗണിച്ചപ്പോള്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.


ലേക്ക് പാലസ് റിസോട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതില്‍ ക്രമക്കേടുണ്ടന്ന് ചൂണ്ടി കാട്ടിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷിക്കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഏപ്രില്‍ 19 ന് കോടതിയില്‍ സമര്‍പ്പിക്കാന്‍ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഒന്നിന് കോടതി നിര്‍ദേശവും നല്‍കിയിരുന്നു. മെയ് നാലിന് കേസ് പരിഗണിച്ചപ്പോള്‍ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ശ്രമിക്കുകയാണെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെടുകയായിരുന്നു.



Share this News Now:
  • Google+
Like(s): 155