09 May, 2018 10:48:30 AM


'കൊടുംഭീകരരായ യാചകര്‍ എത്തുന്നു': പോലീസ് സിഐയുടെ പേരില്‍ വ്യാജ മുന്നറിയിപ്പ്

കത്ത് മൂന്ന് മാസം കഴിഞ്ഞുള്ള തീയതിയില്‍



കൊല്ലം: ഈ റമദാന്‍ മാസത്തില്‍ കൊടുംഭീകരരായ നിരവധി യാചകര്‍ ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് കടക്കുന്നതായും ഇവരെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയുള്ള കൊല്ലം ഈസ്റ്റ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വ്യാജ കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് തന്‍റെ ശ്രദ്ധയില്‍പെട്ട ഈ കത്ത് വ്യാജമാണെന്ന് കൊല്ലം ഈസ്റ്റ്  പോലീസ് ഇന്‍സ്പെക്ടര്‍ എസ്.മഞ്ജുലാല്‍ കൈരളി ന്യൂസിനോട് പറഞ്ഞു.


പോലീസ്  കണക്ക് പ്രകാരം "കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍" കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നീ റയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങിയ അന്യസംസ്ഥാനക്കാര്‍ ഒരു ലക്ഷത്തോളമുണ്ടെന്ന് കണക്കാക്കുന്നതായും കത്തില്‍ പറയുന്നു. എന്നാല്‍ "കഴിഞ്ഞ ഒരാഴ്ച" എന്നത് ഭാവിയില്‍ വരുന്നതേ ഉള്ളുവെന്നാണ് കത്തില‌െ തീയതി വ്യക്തമാക്കുന്നത്. 2018 ആഗസ്ത് 16 എന്ന തീയതിയില്‍ മുന്‍കൂട്ടി തയ്യാറാക്കിയ കത്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.


അതേസമയം ഇത്തരത്തിലുള്ള ഒരു  നിര്‍ദ്ദേശവും കൊല്ലം  ഈസ്റ്റ് പോലീസ് നല്കിയിട്ടില്ലെന്ന് പോലീസ് ഇൻഫർമേഷൻ സെന്റർ ഡ്യപ്യൂട്ടി ഡയറക്ടർ പി.എസ്.രാജശേഖരൻ അറിയിച്ചു. വ്യാജ പോസ്റ്റ് സംബന്ധിച്ച്  കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും.  


*പി എസ് രാജശേഖരന്‍* 

ഡെപ്യൂട്ടി ഡയറക്ടര്‍

പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍

പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് 

തിരുവനന്തപുരം.





Share this News Now:
  • Google+
Like(s): 253