07 May, 2018 12:08:32 PM
ബി.ഡി.ജെ.എസ് പിന്മാറിയാല് ശ്രീധരന്‍പിള്ളക്ക് വോട്ട് ലഭിക്കില്ല -വെള്ളാപ്പള്ളി
ചെങ്ങന്നൂരില്‍ ത്രികോണ മല്‍സരമാണ് നടക്കുക

ചേര്‍ത്തല: ബി.ഡി.ജെ.എസ് പിന്മാറിയാല് ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ളക്ക് പഴയ വോട്ട് ലഭിക്കില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പ്രശ്നം ഇനി പരിഹരിച്ചാലും വിടവ് നികത്താനാവുമോ എന്ന് സംശയമാണ്. ചെങ്ങന്നൂരില്‍ ത്രികോണ മല്‍സരമാണ് നടക്കുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഘടകകക്ഷികള്‍ക്ക് ഒന്നും കൊടുക്കാത്ത ബി.ജെ.പി 200ലധികം പോസ്റ്റുകള്‍ സ്വന്തമാക്കി. ബി.ജെ.പി വിചാരിച്ച കാര്യങ്ങളെല്ലാം നിമിഷ നേരം കൊണ്ട് നടത്തി. പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ശ്രമിച്ചില്ല. ഗത്യന്തരമില്ലാതെയാണ് ബി.ഡി.ജെ.എസ് സമ്മര്‍ദ്ദതന്ത്രത്തിലേക്ക് പോയതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
ഇടതുപക്ഷം ആളില്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനമാനങ്ങള്‍ നല്കി. യു.ഡി.എഫും അവരുടെ കാലത്ത് നല്‍കിയിട്ടുണ്ട്. സജി ചെറിയാനെ തോല്‍പ്പിക്കാന്‍ എം.വി ഗോവിന്ദന് ശ്രമിക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിന്റെ ഭാഗമായാണ് ചാനല്‍ ചര്‍ച്ചയില്‍ ബി.ഡി.ജെ.എസ് വര്‍ഗീയ പാര്‍ട്ടിയെന്ന് പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ ചിത്രം പൂര്‍ണമായി വ്യക്തമായാല്‍ എസ്.എന്‍.ഡി.പി കൃത്യമായ നിലപാട് പ്രഖ്യാപിക്കും. ശ്രീധരന്‍പിള്ള കാണാന്‍ വന്നിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് ഉത്തരവാദപ്പെട്ടവര്‍ക്ക് എഴുതി നല്‍കിയതായും ശ്രീധരന്‍പിള്ള അറിയിച്ചു. മറ്റൊരു ഇടം കിട്ടുകയാണെങ്കില്‍ ബി.ഡി.ജെ.എസ് എന്‍.ഡി.എ വിട്ടു പോരണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് വ്യക്തമാക്കി.