05 May, 2018 06:19:38 PM


വരാപ്പുഴ വീടാക്രമണം: യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിലേക്ക് നയിച്ചത് ഈ വീടാക്രമണം



കൊച്ചി: വരാപ്പുഴ ദേവസ്വം പാടത്ത് ഗൃഹനാഥന്റെ ആത്മഹത്യയിലേക്കും ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിലേക്കും നയിച്ച വീടാക്രമണക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കീഴടങ്ങി. വിപിന്‍ (28), അജിത് കെബി (25), ശ്രീജിത്ത് എന്ന് വിളിക്കുന്ന തുളസീധരന്‍ (23) എന്നിവരാണ് ആലുവ കോടതിയില്‍ കീഴടങ്ങിയത്. പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇവര്‍ കോടതിയില്‍ നാടകീയമായി കീഴടങ്ങിയത്.


വീടാക്രമണക്കേസിലെ ആദ്യ മൂന്ന് പ്രതികളാണ് ഇപ്പോള്‍ കീഴടങ്ങിയിരിക്കുന്നത്. വീടാക്രമണത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ വാസുദേവന്‍ ആത്മഹത്യ ചെയ്തതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. പ്രതികളെ കോടതി റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചു. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്ത് വീടാക്രമണക്കേസില്‍ നിരപരാധിയാണെന്ന് പ്രതികള്‍ വ്യക്തമാക്കി.


ഈ കേസിലാണ് ശ്രീജിത്ത് ഉള്‍പ്പെടെ ഒരു കൂട്ടം ആളുകളെ പൊലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. ശ്രീജിത്ത് കസ്റ്റഡിയില്‍ മരിക്കുകയും സംഭവം വിവാദമാവുകയും ചെയ്തതോടെ മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് താത്കാലികമായി നിര്‍ത്തിവെച്ചു. പിന്നീട് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. വീടാക്രമണക്കേസില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആളു മാറിയാണെന്ന് തുടക്കം മുതല്‍ ആരോപണം ഉണ്ടായിരുന്നു. ഇത് സാധൂകരിക്കുന്ന സാക്ഷിമൊഴികളും പിന്നീട് വന്നു.



Share this News Now:
  • Google+
Like(s): 171