04 May, 2018 02:22:42 PM


തോമസ് ചാണ്ടിക്കെതിരെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ; കേസ് അടുത്തയാഴ്ച പരിഗണിക്കും

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാല് മാസം വേണമെന്ന് വിജിലന്‍സ്

 




കോട്ടയം: മുന്‍ മന്ത്രിയും എന്‍സിപി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടിക്കെതിരായ കേസ് കോട്ടയം വിജിലന്‍സ് കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇന്ന് കേസ് പരിഗണിക്കവെ തോമസ് ചാണ്ടിക്കെതിരായ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് പരാതിക്കാരന്‍ വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സിന്റെ ആവശ്യവും കോടതി തിങ്കളാഴ്ച പരിഗണിക്കും.


തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴ ലേക്ക് പാലസ് റിസോട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഏപ്രില്‍ 19ന് കോടതിയില്‍ സമര്‍പ്പിക്കാന്‍ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഒന്നിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഏപ്രില്‍ 19ന് കോടതി അവധിയായതിനാല്‍ കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.


തോമസ് ചാണ്ടിക്കെതിരായ കേസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കഴിഞ്ഞ ജനുവരി നാലിനായിരുന്നു വിജിലന്‍സ് കോടതി ഉത്തരവിട്ടത്. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേസന്വേഷിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സമയപരിധി ഏപ്രില്‍ 19ന് അവസാനിച്ചിരുന്നു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാല് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.


എന്നാല്‍ ഇത് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണെന്നും കേസില്‍ കാലതാമസം വരുത്താന്‍ വിജിലന്‍സിന്റെ ഭാഗത്ത് നിന്നുതന്നെ ശ്രമങ്ങളുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. അതോടൊപ്പം കേസന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാല് മാസം കൂടി സമയം വേണമെന്ന വിജിലന്‍സിന്റെ ആവശ്യവും അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യവും തിങ്കളാഴ്ച പരിഗണിക്കും.



Share this News Now:
  • Google+
Like(s): 115