03 May, 2018 01:46:09 PM
കാവേരി ജലം തമിഴ്നാടിനു വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി
ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസ്

ദില്ലി: കാവേരിയില്‍നിന്നു തമിഴ്നാടിനു ജലം വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി. കര്‍ണാടക നാല് ടിഎംസി ജലം ഉടന്‍ വിട്ടു നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു.
കാവേരി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ചൊവ്വാഴ്ചയ്ക്കുള്ളില്‍ കാവേരി നദീജല പരിപാല ബോര്‍ഡ് രൂപീകരിക്കാന്‍ നടപടി ആരംഭിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസ് മേയ് എട്ടിനു വീണ്ടും പരിഗണിക്കും.
ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുക്കുമെന്നും കോടതി വ്യക്തമാക്കി. കാവേരി വിഷയത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ വാദം എങ്ങനെ വിശ്വസിക്കുമെന്നും കര്‍ണാടക തെരഞ്ഞെടുപ്പ് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി.
കാവേരി വിഷയത്തില്‍ കോടതി ഉത്തരവുപ്രകാരമുള്ള സമഗ്ര പദ്ധതി നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മേയ് മൂന്നിനകം സമഗ്ര പദ്ധതി തയാറാക്കി സമര്‍പ്പിക്കാനാണ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്.