02 May, 2018 11:00:08 AM


ലിഗയുടെ മരണം: കസ്റ്റഡിയിലുള്ള 2 പേര്‍ കുറ്റം സമ്മതിച്ചതായി സൂചന

അറസ്റ്റ് ഉടന്‍, വാഴമുട്ടം സ്വദേശി ഹരിയെ വിട്ടയച്ചു





തിരുവനന്തപുരം: ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള 2 പേര്‍ കുറ്റം സമ്മതിച്ചു. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം. കസ്റ്റഡിയിലുള്ളത് പ്രദേശവാസികളാണ്. ലിഗ പ്രതികളില്‍ ഒരാളുടെ പക്കല്‍നിന്ന് ലഹരിപദാര്‍ഥം വാങ്ങി ഉപയോഗിച്ചിരുന്നു. ഇതിന്റെ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ള ഒരാളുടെ മൊഴി.


സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇതില്‍ രണ്ടു പേരിലേക്ക് ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുകയാണ്. കണ്ടല്‍ക്കാട്ടില്‍ സ്ഥിരമായി മീന്‍പിടിക്കാന്‍ എത്തിയിരുന്നവരാണ് ഇവര്‍ രണ്ടു പേരും. പീഡനശ്രമത്തിനിടെയാണ്​ ലിഗ കൊല്ലപ്പെട്ടതെന്നാണ്​ കസ്​റ്റഡിയിലുള്ള മറ്റോരാളുടെ മൊഴി. തുടക്കം മുതല്‍ കസ്റ്റഡിയിലുള്ള ഇരുവരും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നത്. ഇന്നലെ മുതലാണ് കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ പ്രതികള്‍ ആരംഭിച്ചത്. ബോട്ടിങ്ങിനെന്നു പറഞ്ഞ് ലിഗയെ കൊണ്ടു പൊയതെന്ന് ഇന്നലെ പ്രതികളിലൊരാള്‍ സമ്മതിച്ചിരുന്നു. ആറു ദിവസത്തിലേറെ നീണ്ട ചോദ്യം ചെയ്യലിലാണു പ്രതികള്‍ കുറ്റസമ്മതത്തിലേക്ക് എത്തുന്നത്. രണ്ടുപേരും രണ്ടു കാരണങ്ങള്‍ പറഞ്ഞത് പൊലീസിനെ കുഴക്കുന്നുണ്ട്.


അതേസമയം ലിഗ കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത വാഴമുട്ടം സ്വദേശി ഹരിയെ അന്വേഷണ സംഘം വിട്ടയച്ചു. തെളിവുകളുടെ അഭാവത്തിലാണ് ഇയാളെ വിട്ടയച്ചത്. ആന്തരികാവയവങ്ങളുടെ പരിശോധന കഴിഞ്ഞ ശേഷമേ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് നീങ്ങുവെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നതാണ്.


ലിഗ സറോമോനയെ (33) കഴിഞ്ഞ മാസം 14നാണ് കോവളത്തുനിന്ന് കാണാതായത്. വിഷാദരോഗത്തിനുള്ള ചികില്‍സയ്ക്കു വേണ്ടി സഹോദരി ഇലീസിനൊപ്പം ഫെബ്രുവരി 21നാണു കേരളത്തിലെത്തിയത്. ഇതിനിടെ മാര്‍ച്ച്‌ 14ന് സഹോദരിയോടു പറയാതെ ലിഗ കോവളത്തേക്ക് പുറപ്പെട്ടു. അവിടെ വച്ച്‌ കാണാതായി. ഏറെ തിരച്ചിലുകള്‍ക്കൊടുവില്‍ ലിഗയെ തിരുവല്ലത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു



Share this News Now:
  • Google+
Like(s): 164