02 May, 2018 12:56:07 AM


ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ജൂനിയര്‍ ടീം: തെരഞ്ഞെടുക്കപ്പെട്ട യുവതാരത്തെ ഒഴിവാക്കിയെന്ന് പരാതി

സംഭവത്തിന് പിന്നില്‍ കോട്ടയം സ്വദേശിയായ പരിശീലകന്‍




ആലപ്പുഴ: ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ജൂനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ സ്വദേശിയായ യുവതാരത്തെ മനഃപൂര്‍വം ഒഴിവാക്കിയതായി പരാതി. സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിദ്യാര്‍ഥിയായ ആലപ്പുഴ സനാതനം വാര്‍ഡ് കോഴിക്കൂട്ടില്‍ സുനില്‍കുമാറിന്റെ മകന്‍ അക്ഷയ്‌യെയാണ് കോട്ടയം സ്വദേശിയായ ഒരു പരിശീലകന്റെ സമ്മര്‍ദ്ദത്താല്‍ തഴഞ്ഞതെന്നാണ് ആരോപണം. പ്ലസ്ടു വിദ്യാര്‍ഥിയായ അക്ഷയ് സംസ്ഥാന ജൂനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച്‌ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.


തുടര്‍ന്നാണ് ദേശീയ ടീമിലേക്കുള്ള പട്ടികയില്‍ നാലാമതായി തെരഞ്ഞെടുത്തതെന്നും എന്നാല്‍ കോട്ടയം ടീമിന്റെ കോച്ചിന്റെ സ്വാധീനത്താല്‍ തന്നെ ഒഴിവാക്കി അദ്ദേഹത്തിന്റെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയെ ഉള്‍പ്പെടുത്തിയെന്നുമാണ് അക്ഷയ് പറയുന്നത്. സംഭവത്തില്‍ കേരള ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ നടപടിയെടുക്കണമെന്ന് അക്ഷയും മാതാപിതാക്കളായ സുനില്‍കുമാറും സുഷയും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.



Share this News Now:
  • Google+
Like(s): 218