30 April, 2018 11:14:27 PM


ജെഇഇ മെയിന്‍ ഫലം: പൊന്‍തിളക്കവുമായി മാന്നാനം കെ.ഈ സ്കൂള്‍

ആന്ധ്രയില്‍ നിന്നുള്ള സൂരജ് കൃഷ്ണ അഖിലേന്ത്യാ തലത്തില്‍ ഒന്നാമന്‍  

കോട്ടയം: ജോയിന്‍റ് എന്‍ട്രന്‍സ് എക്സാം (ജെഈഈ മെയിന്‍) പേപ്പര്‍ ഒന്ന് ഫലം പ്രസിദ്ധീകരിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള സൂരജ് കൃഷ്ണാ ബോജി അഖിലേന്ത്യാതലത്തില്‍ ഒന്നാമനായി. പേപ്പര്‍ ഫലം നാളെ പ്രസിദ്ധീകരിക്കും. 112 സിറ്റികളിലായി നടന്ന പരീക്ഷയില്‍ 10,43,739 കുട്ടികള്‍ പങ്കെടുത്തിരുന്നു. 1,80,331 ആണ്‍കുട്ടികളും 50,693 പെണ്‍കുട്ടികളും ജെ ഈ ഈ (അഡ്വാന്‍സ്ഡ്) പരീക്ഷക്ക് അര്‍ഹരായി. 


കോട്ടയം ജില്ലയിലെ മാന്നാനം കെ.ഇ.ഇംഗ്ലീഷ് മീഡിയം സ്കൂളിന് തിളക്കമാര്‍ന്ന വിജയമാണ് ജോയിന്‍റ് എന്‍ട്രന്‍സ് പരീക്ഷയില്‍ (ജെഈഈ മെയിന്‍) നേടിയത്. അഖിലേന്ത്യാ തലത്തില്‍ സ്കോര്‍ ചെയ്ത ആദ്യ ആയിരം പേരില്‍ നാല് പേരും ഗ്രാമീണാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സരസ്വതീവിദ്യാലയത്തില്‍ നിന്നുള്ളവര്‍. ഇവരുള്‍പ്പെടെ സ്കൂളില്‍ നിന്നുള്ള ഏഴു പേര്‍ ആദ്യത്തെ രണ്ടായിരം റാങ്ക്കാരില്‍ ഉള്‍പ്പെടുകയും ചെയ്തു. സ്കൂളില്‍ നിന്ന് 152 പേരാണ് ജെ.ഈ.ഈ (അഡ്വാന്‍സ്ഡ്) എഴുതാന്‍ യോഗ്യത നേടിയത്. 99 പേര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഉപരിപഠനത്തിന് യോഗ്യത നേടി.
160ആം റാങ്ക് നേടിയ അമല്‍ മാത്യു കോട്ടയം ജില്ലയില്‍ നിന്നുള്ളവരില്‍ തന്നെ മുന്‍നിരയിലാണ്. കടുത്തുരുത്തി മുട്ടുചിറ പുല്ലന്‍കുന്നേല്‍ മാത്യു ജോസഫ് - ജാന്‍സി ദമ്പതികളുടെ മകനായ അമല്‍ മാത്യു 360ല്‍ 308 മാര്‍ക്ക് നേടിയാണ് പരീക്ഷ പാസായത്. അമലിനു പിന്നാലെ പാലക്കാട് മണ്ണാര്‍കാട് കിഴക്കേതില്‍ കെ.ഭാസ്കരന്‍റെ മകന്‍ മൃണാള്‍ ഭാസ്കര്‍ 281ഉം (റാങ്ക് - 532), കൊല്ലം ജൂഡ് നിവാസില്‍ ജേക്കബ് കുര്യന്‍റെ മകന്‍ അനൂപ് കുര്യന്‍ ജേക്കബ് 265ഉം (റാങ്ക് - 932), കൊല്ലം പെരിനാട് ശ്രീശബരിയില്‍ മധു ഉണ്ണിത്താന്‍റെ മകന്‍ ശബരി കൃഷ്ണ എം 265ഉം (റാങ്ക് - 935) മാര്‍ക്ക് നേടി ആദ്യ ആയിരം പേരില്‍ മാന്നാനം സ്കൂളിന്‍റെ പേര് എഴുതി ചേര്‍ത്തു.


ഇവരെ കൂടാതെ ആയിരം മുതല്‍ 2000 വരെയുള്ള റാങ്ക്കാരിലും കെ.ഈ സ്കൂളില്‍ നിന്നും മൂന്ന് പേര്‍ കടന്നുകൂടി. ആലുവ തൈമയില്‍ വി.എച്ച് അമീറിന്‍റെ മകള്‍ ഹില്‍മി പര്‍വീണ്‍ 360ല്‍ 262 മാര്‍ക്കുമായി 1032ആം റാങ്ക് നേടി. 254 മാര്‍ക്കോടെ ഋഷികേശ് 1364ആം റാങ്കും 248 മാര്‍ക്കോടെ ആര്‍.എസ്.വിവേക് 1640ആം റാങ്കും നേടി. കഴിഞ്ഞ അഞ്ച് വര്‍ഷമായി മാന്നാനം സ്കൂളില്‍ നിന്നുള്ള കുട്ടികള്‍ ജെഈഈ പരീക്ഷ എഴുതുന്നു. കഴിഞ്ഞ വര്‍ഷം 98ആം റാങ്ക് മാന്നാനത്തെ തേടി എത്തിയിരുന്നു. എന്നാല്‍ ആദ്യ ആയിരത്തിനുള്ളില്‍ നാല് പേര്‍ കയറിപ്പറ്റുന്നത് ഇതാദ്യമാണ്. ജെഈഈ പരീക്ഷയില്‍ മാത്രമല്ല കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുതകുന്ന പരീക്ഷകള്‍ക്കെല്ലാം വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു എന്നതാണ് കെ.ഈ.സ്കൂളിന്‍റെ അടുത്ത കാലത്തെ ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാനാവുക. ഇക്കൊല്ലം കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കെവിപിവൈ (കിഷോര്‍ വൈജ്ഞാനിക പ്രോത്സാഹന്‍ യോജന) പരീക്ഷയിലൂടെ സ്കോളര്‍ഷിപ്പോടുകൂടി ഗവേഷണം നടത്തുന്നതിനു കെ ഈ സ്കൂളില്‍ നിന്ന് 32 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. കേരളത്തിലെ തന്നെ ഏറ്റവും വലിയ റിസള്‍ട്ട്‌ ആയിരുന്നു ഇത്. മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് സ്റ്റേജ് മൂന്ന് പരീക്ഷ എഴുതിയവരില്‍ കേരളത്തില്‍  നിന്നും വിജയം കണ്ട ഏക വിദ്യാര്‍ത്ഥി മാന്നാനം കെ.ഈ സ്കൂളില്‍  നിന്നുള്ള നവീന്‍ എസ് ജോണ്‍ ആയിരുന്നു. 

നല്ല പരിശീലനം നല്‍കുകയാണെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് സാധിക്കാത്തതൊന്നുമില്ലെന്ന് കെ.ഈ സ്കൂളിലെ കുട്ടികള്‍ നേടിയ വിജയം തെളിയിക്കുന്നുവെന്ന് പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരി പറയുന്നു. നിലവില്‍ ഐഐടി പ്രവേശനം ലഭിക്കുന്നവരില്‍ ആകെ ഒന്നര ശതമാനം മാത്രമാണ് കേരളത്തില്‍ നിന്നുള്ളവര്‍. ശ്രമിച്ചാല്‍ ഇതിനും മാറ്റമുണ്ടാകും. പഠനത്തെ ഒട്ടും പ്രതികൂലമായി ബാധിക്കാതെ പ്ലസ് വണ്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിംഗ് / മെഡിക്കല്‍ പ്രവേശനപരീക്ഷയ്ക്കും മറ്റും വിദഗ്ധ പരിശീലനം നല്‍‌കുന്നു എന്നതാണ് മാന്നാനം കെ.ഈ സ്കൂളിന് ഈ നേട്ടങ്ങള്‍ ലഭിക്കുവാനുള്ള പ്രധാന കാരണമെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു. അ‍ഞ്ചാം തരം മുതല്‍ കുട്ടികള്‍ക്ക് പ്രത്യേക അടിസ്ഥാനപരിശീലനവും സ്കൂളില്‍ നല്‍കി വരുന്നു.


Share this News Now:
  • Google+
Like(s): 3057