30 April, 2018 11:38:44 AM


'വാലന്‍റൈന്‍സ് ഡേ' ഇനി 'മാതൃ-പിതൃ പൂജന്‍ ദിവസ്' ; പുതിയ പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

പ്രണയദിന ആഘോഷങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടിയാണ് പുതിയ നീക്കം




ജയ്പൂര്‍: വാലന്‍റൈന്‍സ് ഡേയുടെ പ്രാധാന്യം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. 2019 ഫെബ്രുവരി 14 മുതല്‍ വാലന്‍റൈന്‍സ് ഡേയ്ക്ക് പകരം 'മാതൃ-പിതൃ പൂജന്‍ ദിവസ്' ആയി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍. പ്രണയദിന ആഘോഷങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കം.


ശിവ് പഞ്ചാംഗ് വാര്‍ഷിക കലണ്ടറില്‍ വിദ്യാഭ്യാസ വകുപ്പ് മാതൃ പിതൃ പുജാന്‍ ദിവസ് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്‌നാനി മാര്‍ച്ചില്‍ നിയമസഭയില്‍ ഇതുസംബന്ധിച്ച്‌ സൂചന നല്‍കിയിരുന്നുഏപ്രില്‍ 23 നാണ് ഇത് സംബന്ധിച്ച ഉത്തരവിന്‍റെ കോപ്പി ഇറങ്ങിയത്. അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഫെബ്രുവരി 14 മാതൃ-പിതൃ പൂജന്‍ ദിവസ് ആയി ആഘോഷിക്കണമെന്നും, ഇത് വാര്‍ഷിക കലണ്ടറില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്.


കുട്ടികള്‍ ആദ്യം മാതാപിതാക്കളെ സ്‌നേഹിക്കാന്‍ പഠിക്കട്ടെ എന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി നിയമസഭയില്‍ പരാമര്‍ശിച്ചതിന് പിന്നാലെയാണ് പ്രണയദിനം മാതൃ-പിതൃ പൂജന്‍ ദിവസ് ആയി ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. മറ്റാരാളെ പ്രണയിക്കുന്നതിന് മുന്‍പ് കുട്ടികള്‍ സ്വന്തം മാതാപിതാക്കളെ സ്‌നേഹിക്കാന്‍ പഠിക്കട്ടെയെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന.



Share this News Now:
  • Google+
Like(s): 47