27 April, 2018 12:30:35 PM


പൊലീസുകാർക്കെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയോയെന്ന് ഹൈക്കോടതി

കസ്റ്റഡിമരണ കേസിൽ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കോടതി



കൊച്ചി:  വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണ കേസിന്‍റെ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. പൊലീസുകാർ പ്രതികളായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയാണോയെന്നും ഹൈക്കോടതി ചോദിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ  ഭാര്യ അഖില സമർപ്പിച്ച ഹർജി പരിഗണിക്കുന്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേസ് സി.ബി.ഐയ്ക്ക് വിടുന്നതിൽ സർക്കാരിനോടും സി.ബി.ഐയോടും നിലപാട് അറിയിക്കാനും കോടതി നിർദ്ദേശിച്ചു. കേസ് അടുത്ത മാസം നാലിന് വീണ്ടും പരിഗണിക്കാനായി മാറ്റി.

എന്നാൽ കേസിന്‍റെ അന്വേഷണം ശരിയായ ദിശയിൽ ആണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് റൂറൽ ടൈഗർ ഫോഴ്സിലെ മൂന്ന് പൊലീസുകാരെ അറസ്‌റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ശ്രീജിത്തിന്റെ മരണത്തിൽ കൂടുതൽ പൊലീസുകാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അവരേയും കേസിൽ പ്രതികളാക്കുമെന്നും എ.ജി പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥർ കേസിൽ പ്രതികളായി ഉൾപ്പെട്ടിട്ടുള്ളതിനാൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐയ്ക്ക് വിടണമെന്നുമാണ് ശ്രീജിത്തിന്റെ കുടുംബാംഗങ്ങളുടെ ആവശ്യം. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ അഡ്വ. പീതാംബരനാണ് ഇവർക്ക് വേണ്ടി കോടതിയിൽ ഹാജരായത്. പൊലീസിന്റെ പക്കലുള്ള ശ്രീജിത്തിന്റെ മൊബൈൽഫോൺ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹർജി കൂടി അഖില ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

അതിനിടെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്‌ണൻ കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകി. അഖിലയുടേയും രാധാകൃഷ്‌ണന്റേയും ഹർജിയിൽ അടുത്ത തവണ കേസ് പരിഗണിക്കുന്പോൾ കോടതി തീരുമാനമെടുക്കും.



Share this News Now:
  • Google+
Like(s): 46