27 April, 2018 12:24:35 PM


ലിഗയുടെ മരണം: മൃതദേഹം കണ്ട സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തും

കൊലപാതക സാധ്യത തേടി പോലീസ്




തിരുവനന്തപുരം: വിദേശ വനിത ലിഗ മരിച്ച സംഭവത്തില്‍ മൃതദേഹം കണ്ട സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്താന്‍ പോലീസ്. മൃതദേഹം കണ്ട സ്ഥലത്തേയും സമീപത്തേയും കാടുവെട്ടിത്തെളിച്ച് പരിശോധന നടത്തും.  മൃതദേഹം കണ്ടെത്തിയ ചെന്തലക്കരി ഭാഗത്തെ കണ്ടല്‍ക്കാടിനെ കുറിച്ച് ദുരൂഹതയേറിയ സാഹചര്യത്തിലാണ് വിശദമായ പരിശോധന നടത്തുന്നത്.

കോവളത്ത് നിന്ന് വിദേശികള്‍ ഇവിടെ എത്താറില്ലെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ വിദേശികള്‍ ഇവിടെ വരാറുണ്ടെന്ന് തോണിക്കാരൻ നാഗേന്ദ്രന്‍ വെളിപ്പെടുത്തി. വിദേശികള്‍ ചെന്തലക്കരി ഭാഗത്ത് വന്ന ശേഷം തന്റെ കടത്ത് വള്ളത്തില്‍ ഇക്കരെ പള്ളിനടയില്‍ വരുമെന്നും സ്ഥിരമായി ഒരു ഏജന്റാണ് ഇവരെ കൊണ്ടുവരുന്നതെന്നുമായിരുന്നു നാഗേന്ദ്രന്റെ വെളിപ്പെടുത്തല്‍. കണ്ടല്‍ക്കാടിന് സമീപം മയക്കുമരുന്ന് മാഫിയയടക്കം സജീവമാണെന്ന് പ്രദേശവാസികള്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.  ലിഗ ഒറ്റയ്ക്ക് ചെന്തലക്കരി ഭാഗത്ത് എത്താന്‍ സാധ്യതയില്ലെന്ന സംശയം നിലനില്‍ക്കെയാണ് ഏജന്റിനെ കുറിച്ചുള്ള നിര്‍ണായക വെളിപ്പെടുത്തല്‍.

കൊലപാതക സാധ്യത തേടിയാണ് പോലീസ് അന്വേഷണം നടത്തുന്നത്. മയക്കുമരുന്ന് - ചീട്ടുകളി സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. നൂറിലധികം പേരെ ചോദ്യം ചെയ്തിട്ടുണ്ട്. ലിഗ കണ്ടല്‍കാട്ടില്‍ ബോട്ട് മാര്‍ഗം എത്തിച്ചേരാന്‍ സാധ്യതയുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്. കണ്ടല്‍കാടിന് സമീപം കണ്ടെത്തിയ ബോട്ടിലെ വിരടലയാളങ്ങള്‍ പോലീസ് ശേഖരിച്ചു. ലിഗയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും, ആന്തരിക അവയവങ്ങളുടെ ഫലവും ലഭിക്കണം.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരം  ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്. മൃതദേഹത്തിന്റെ പഴക്കം കാരണമാണ് റിപ്പോര്‍ട്ട് ഇത്രയും വൈകിയത്. ലിഗയുടെ മരണം ശ്വാസം മുട്ടിയാകാമെന്നാണ്  ഫോറന്‍സിക് സംഘം പോലീസിനോട് പറഞ്ഞിരുന്ന സംശയം. റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഇതിലും വ്യക്തത ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്



Share this News Now:
  • Google+
Like(s): 84