25 April, 2018 01:09:39 PM


2,000 കോടിയുടെ തട്ടിപ്പ്; ഹവാല ഇടപാടുകാരൻ മുംബൈയില്‍ അറസ്റ്റിൽ

വ്യാജപേരില്‍ നടത്തിയിരുന്നത് 160 കമ്പനികള്‍




മുംബൈ: മുംബൈ കേന്ദ്രീകരിച്ച് 2,000 കോടിയുടെ തട്ടിപ്പു നടത്തിയ കേസിൽ ഹവാല ഇടപാടുകാരന്‍ ഫറൂക്കിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഫറൂക്കിന്‍റെ 160 ഷെൽ കമ്പനികളുടെ ഭാഗമായ സ്റ്റെൽകോൺ ഇൻഫ്രാറ്റൽ പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനി പേരിലാണ് തട്ടിപ്പു നടത്തിയതെന്നാണ് വിവരം. ഈ 160 കമ്പനികളും വ്യാജപ്പേരുകളിലുള്ളതും ഇതിന്‍റെയെല്ലാം ഡയറക്ടർ‌മാർ എന്ന രീതിയിൽ നൽ‌കിയിരുന്നവരുടെ വിവരങ്ങളും വ്യാജമാണെന്നും അധികൃതർ കണ്ടെത്തി. മുംബൈയിലെ സവേരി ബസാറിലുള്ള ഒറ്റമുറി ഓഫീസാണ് തട്ടിപ്പുകളുടെ കേന്ദ്രമായി പ്രവർത്തിച്ചിരുന്നത്. 

2014 മുതൽ വിവിധ അന്വേഷണ ഏജൻസികൾ ഇയാൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാളുടെ അധോലോക ബന്ധങ്ങൾ സംബന്ധിച്ചും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഫറൂക്കിന്‍റെ വിദേശപണമിടപാടുകൾ സംബന്ധിച്ച് റവന്യൂ ഇന്‍റലിജന്‍റ് വിഭാഗം 2016ൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പഞ്ചാബ് നാഷണൽബാങ്ക് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇയാളുടെ തട്ടിപ്പുകൾക്ക് ഒത്താശ ചെയ്ത് നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതു സംബന്ധിച്ചും അന്വേഷണം നടന്നുവരുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്.


Share this News Now:
  • Google+
Like(s): 119