25 April, 2018 05:55:52 AM


തൃശൂര്‍ പൂരം ഇന്ന്; നഗരത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍

ബലക്ഷയമുള്ള 84 കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് ജനങ്ങള്‍ക്ക് പ്രവേശനമില്ല


തൃശൂര്‍: തൃശൂര്‍ പൂരത്തിന്‍റെ സുഗമമായ നടത്തിപ്പിനും പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍. തൃശൂര്‍ റെയ്ഞ്ച് ഐ ജി. എം.ആര്‍ അജിത് കുമാറിന്‍റെ മേല്‍നോട്ടത്തില്‍ തൃശൂര്‍ സിറ്റി പൊലിസ് മേധാവി രാഹുല്‍ ആര്‍. നായര്‍ ആണ് സുരക്ഷക്ക് നേതൃത്വം നല്‍കുന്നത്. 

ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 29 ഡിവൈ.എസ്.പിമാരും 146 വനിതാ സിവില്‍ പൊലിസ് ഉദ്യോഗസ്ഥകളും ഉള്‍പ്പടെ 2700ല്‍പരംപൊലിസുകാരെ വിന്യസിക്കും. സുരക്ഷ കുറ്റമറ്റതാക്കുന്നതിന് വടക്കുംനാഥ ക്ഷേത്രത്തെ പ്രത്യേക സോണായും തേക്കിന്‍കാട് മൈതാനത്തെ അഞ്ച് സോണുകളായും തിരിച്ചിട്ടുണ്ട്. ഇതിനു പുറമെ, സ്വരാജ് റൗണ്ടിനെ നാല് സെഗ്‌മെന്റുകളായും എം.ഒ റോഡ് മുതല്‍ കോര്‍പ്പറേഷന്‍ ഓഫിസ് വരെയുള്ള ഭാഗത്തെ പ്രത്യേക സെഗ്‌മെന്റായും തിരിച്ചു. 750 ഓളം പൊലിസുകാരെ ഇവിടെ വിന്യസിക്കും. 

ക്രമസമാധാന പാലനത്തിന് ശക്തമായ പട്രോളിളിംഗ്, ക്രമസമാധാനം ഉറപ്പു വരുത്താന്‍ പ്രത്യേകം മൊബൈല്‍, ബൈക്ക് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തെ രണ്ട് ഭാഗങ്ങളായി തിരിച്ച് ഓരോ ഡിവൈ.എസ്.പിമാരാണ് ഇതിനു നേതൃത്വം നല്‍കുക. പൂരം നടക്കുന്ന സമയത്ത് നഗരാതിര്‍ത്തിക്ക് വെളിയില്‍ ഉണ്ടാകാനിടയുള്ള അനിഷ്ട സംഭവങ്ങളെ നേരിടുന്നതിനായി ഒളരി, പടിഞ്ഞാറെകോട്ട, വിയ്യൂര്‍ പവര്‍ ഹൗസ്, ഒല്ലൂക്കര, കുരിയച്ചിറ, ലുലു ജങ്ഷന്‍, കൂര്‍ക്കഞ്ചേരി എന്നിവിടങ്ങളില്‍ ഓരോ എസ്.ഐമാര്‍ക്കു കീഴില്‍ 10 പൊലിസുദ്യോഗസ്ഥന്മാരെ വലിയ വാഹനങ്ങള്‍ സഹിതം വിന്യസിച്ചിട്ടുണ്ട്. 24 മണിക്കൂറും ഇവരുടെ സേവനമുണ്ടാകും.

സുരക്ഷാ ക്രമീകരണങ്ങളെ ഏകീകരിക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം തേക്കിന്‍കാട് മൈതാനിയില്‍ സജ്ജമാക്കിയിട്ടുണ്ട്. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുമായി ഏകോപിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇതിന്റെ സംവിധാനം. പൊലിസിന്റെ സേവനം ലഭിക്കുന്നതിനും വിവരങ്ങള്‍ അറിയുന്നതിനുമായി 0487 2422003, 9847199100, 7034100100 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. തിരക്കേറിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന കവര്‍ച്ച, പിടിച്ചുപറി, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തുടങ്ങിയ തടയുന്നതിന് ജില്ലാ പൊലിസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വിപുലമായ രീതിയില്‍ മഫ്ടി പൊലിസിനെ നിയോഗിക്കും. 

സിറ്റി പൊലിസിന്റെ കീഴിലുള്ള ഷാഡോ പൊലിസും ആന്റി ഗുണ്ടാ സ്‌ക്വാഡും രഹസ്യാന്വേഷണ വിഭാഗവും മുഴുവന്‍ സമയവും നഗരത്തിലും പരിസരങ്ങളിലും നിരീക്ഷണം നടത്തും. 14 അംഗ ബോംബ് സ്‌ക്വാഡിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ജനത്തിരക്കേറിയ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം സ്‌ക്വാഡ് പരിശോധന നടത്തിവരികയാണ്. ശല്യക്കാരെ തത്സമയം പിടികൂടാന്‍ സാധിക്കും വിധം സിറ്റിയുടെ മുഴുവന്‍ ഭാഗവും നിരീക്ഷിക്കാന്‍ ശേഷിയുള്ള 90 ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറകള്‍ സ്വരാജ് റൗണ്ടിലെയും തേക്കിന്‍കാട് മൈതാനിയിലെയും വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുന്നതിനായി പബ്ലിക് അനൗണ്‍സ്‌മെന്റ് സംവിധാനവും ഉണ്ടാകും. 

പതിനാലു വയസിനു താഴെയുള്ള കുട്ടികളെ തിരക്കില്‍പെട്ട് കാണാതായാല്‍ കണ്ടെത്തുന്നതിന് ഉപകരിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിറ്റി ടാഗ് പൊലിസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിക്കും. കുട്ടികളുടെ കൈകളില്‍ ഇതു ബന്ധിക്കണം. നഗര പരിധിയില്‍ ഹെലികോപ്ടര്‍ സര്‍വീസ് ഉണ്ടാകും. ഹെലികാം മുതലായ ഉപകരണങ്ങള്‍, പ്രത്യേക വാദ്യോപകരണങ്ങള്‍, എല്‍.ഇ.ഡി ലേസര്‍ ലൈറ്റ്, നീളമേറിയ തരം ബലൂണുകള്‍ തുടങ്ങി ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. 

ബലക്ഷയമുള്ളതായി കണ്ടെത്തിയ 84 കെട്ടിടങ്ങള്‍ക്കും മുകളിലേക്ക് ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഉടമസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെടിക്കെട്ട് സമയത്ത് പെട്രോള്‍ പമ്പുകളിലെ ഇന്ധന ടാങ്കുകള്‍ ഒഴിവാക്കിയിടണമെന്ന നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകും.


Share this News Now:
  • Google+
Like(s): 371