25 April, 2018 05:42:25 AM


കുടുംബശ്രീ മിഷന് രൂക്ഷ വിമര്‍ശനം: ക്രമക്കേടുകളുടെ കൂമ്പാരം

ശിശുമരണങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച കമ്യൂണിറ്റി കിച്ചന്‍ വിവാദത്തില്‍




പാലക്കാട്: മുഖ്യമന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടന്ന അവലോകനയോഗത്തില്‍ കേന്ദ്ര കുടുംബശ്രീമിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ മീറ്റിംഗിലാണ് അട്ടപ്പാടിയില്‍ നടന്നുവരുന്ന കുടുംബശ്രീ മിഷന്റെ പദ്ധതികളുടെ നടത്തിപ്പിലെ ക്രമക്കേടുകളെക്കുറിച്ചും നടത്തിപ്പിലെ അപാകതകളെക്കുറിച്ചും വിമര്‍ശനമുയര്‍ന്നത്.

ഏറെ വിവാദമായ ആദിവാസി യുവാവ് മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ അവലോകന യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്. അട്ടപ്പാടിയിലെ മുഴുവന്‍ ഊരുകളിലും കമ്യൂണിറ്റി കിച്ചന്‍ നടക്കുന്നുണ്ടെന്ന സ്‌പെഷ്യല്‍ ഓഫീസറുടെ വാദം തെറ്റാണെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. മിഷന്റെ വെബ്‌സൈറ്റിലെ കണക്കും മീറ്റിംഗില്‍ അവതരിപ്പിച്ച കണക്കുകളും തമ്മില്‍ പൊരുത്തമില്ലെന്നും യോഗത്തില്‍ കണ്ടെത്തി. നൂറില്‍ താഴെ ഊരുകളില്‍ മാത്രമേ കമ്യൂണിറ്റി കിച്ചന്‍ നടക്കുന്നുള്ളൂ എന്നിരിക്കെ കൂടുതല്‍ ഊരുകളുടെ കണക്കുപറഞ്ഞത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

അട്ടപ്പാടിയില്‍ നടന്നുവരുന്ന മറ്റ് പദ്ധതികളെക്കുറിച്ചും യോഗം വിലയിരുത്തി. ശിശുമരണങ്ങളെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട കമ്യൂണിറ്റി കിച്ചന്‍ ഇതിനകം തന്നെ വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുണ്ടെന്ന് കാണിച്ച് ആദിവാസികള്‍ കുടുംബശ്രീമിഷനെതിരെ വകുപ്പുമന്ത്രിക്കും ഡയറക്ടര്‍ക്കും പരാതി നല്കി അധികനാള്‍ കഴിയും മുമ്പേയാണ് ഉന്നത ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ ആദിവാസികളുടെ പരാതികളെ സാധൂകരിക്കുന്ന സംഭവവികാസങ്ങള്‍ ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം കേന്ദ്ര കുടുംബശ്രീ മിഷന്‍ അധികൃതര്‍ വിളിച്ചുചേര്‍ത്ത തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തില്‍ നിന്ന് അട്ടപ്പാടിയിലെ ജനപ്രതിനിധികള്‍ ഇറങ്ങിപ്പോയിരുന്നു. 

അട്ടപ്പാടിയിലെ തൊഴിലുറപ്പ് പദ്ധതിയുടെ മേല്‍നോട്ടം കേന്ദ്ര കുടുംബശ്രീ മിഷനെ ചുമതലപ്പെടുത്തണമെന്ന മിഷന്‍ അധികൃതരുടെ ആവശ്യത്തെ അംഗീകരിക്കാനാവില്ലെന്നു പറഞ്ഞാണ് ജനപ്രതിനിധികള്‍ ഇറങ്ങിപ്പോയിരുന്നത്. കുടുംബശ്രീമിഷനെ തൊഴിലുറപ്പ് പദ്ധതിയെ ചുമതലപ്പെടുത്താനുള്ള തീരുമാനമോ ചര്‍ച്ചയോ സര്‍ക്കാര്‍ തലത്തിലൊ ഉദ്യോഗസ്ഥ തലത്തിലൊ ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിലാണ് ചുളുവില്‍ ഇക്കാര്യം ഒപ്പിച്ചെടുക്കാനുള്ള ശ്രമം മിഷന്‍ അധികൃതരില്‍ നിന്നും ഉണ്ടായത്. മാത്രമല്ല ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള യോഗം ചേരാന്‍ തീരുമാനിച്ചത് ആരാണെന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അറിയുന്നു.



Share this News Now:
  • Google+
Like(s): 134