25 April, 2018 05:13:00 AM


കോഴിക്കോട് സൗത്ത് ബീച്ചിലെ പാര്‍ക്കിംഗ്: ലോറികള്‍ക്ക് പൂട്ടുവീഴും

തുറമുഖ വകുപ്പിന്‍റെ സ്ഥലത്തെ ലോറി സ്റ്റാന്‍ഡ് മാറ്റും




കോഴിക്കോട്: സൗത്ത് ബീച്ചില്‍ തുറമുഖ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്തെ ലോറി സ്റ്റാന്‍ഡ് മാറ്റുന്നതിനും ബീച്ച് റോഡിലെ അനധികൃത പാര്‍ക്കിങിന് പരിഹാരം കാണാനുമുള്ള നടപടികള്‍ വേഗത്തിലാക്കാനും തീരുമാനം. ഇന്നലെ മേയര്‍ അധ്യക്ഷനായ ട്രാഫിക് ഉപദേശക സമിതി യോഗത്തിന്റേതാണ് തീരുമാനം. അനധികൃത പാര്‍ക്കിങ് അവസാനിപ്പിച്ചില്ലെങ്കില്‍ ലോറികള്‍ക്ക് പൂട്ടിടുന്നതിനുള്ള നടപടി വരെ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു. 

മീഞ്ചന്തയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിനായി കോര്‍പ്പറേഷന്‍ ഏറ്റെടുത്ത 3 ഏക്കര്‍ സ്ഥലത്തേക്കോ കോയ റോഡിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തേക്കോ ലോറി സ്റ്റാന്‍ഡ് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. സിറ്റി പരിധിയില്‍ തന്നെയുള്ള ഈ സ്ഥലങ്ങളിലേക്ക് ലോറി സ്റ്റാന്‍ഡ് മാറ്റുന്നതോടെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം ലോറി ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും ആകുമെന്നാണ് പ്രതീക്ഷ. 

ബീച്ചിന്റെ പ്രധാന ഭാഗത്തുള്ള ലോറി സ്റ്റാന്‍ഡ് മാറ്റി സ്ഥലം വികസിപ്പിച്ചാല്‍ ഒട്ടേറെ ടൂറിസം സാധ്യതകള്‍ ഉണ്ടാകുമെന്ന് നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നു. കൂടാതെ വീതി കുറഞ്ഞ റോഡില്‍ അനധികൃത പാര്‍ക്കിങ് കാരണം വാഹനാപകടങ്ങള്‍ പതിവാകുന്നതായും പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം കൂടുന്നതായും പരാതി വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് ലോറി സ്റ്റാന്‍ഡ് സൗത്ത് ബീച്ചില്‍നിന്ന് മാറ്റുന്നതിന് നടപടികള്‍ പുരോഗമിക്കുന്നത്.

ബീച്ചിലെ ലോറി സ്റ്റാന്‍ഡും പാര്‍ക്കിങ് ഏരിയയും നിലവില്‍ പരിഗണനയിലുള്ള സ്ഥലങ്ങളും മേയറുടെ നേതൃത്വത്തിലുള്ള ട്രാഫിക് ഉപദേശക സമിതി അംഗങ്ങള്‍ ഇന്നലെ സന്ദര്‍ശിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ ചേംബറില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, ജില്ലാ പൊലിസ് മേധാവി കാളിരാജ് മഹേഷ്‌കുമാര്‍, ടൗണ്‍ പ്ലാനര്‍ ഷാജി ജോസഫ് എന്നിവര്‍ സംബന്ധിച്ചു.



Share this News Now:
  • Google+
Like(s): 197