23 April, 2018 08:52:19 PM


കൃഷി നാശം: ഇൻഷുറൻസ് പരിരക്ഷ നല്‍കില്ലെന്ന് അധികൃതര്‍, കൃഷി ഉപേക്ഷിക്കുമെന്ന് കർഷകർ

ഏറ്റുമാനൂര്‍ പേരൂര്‍ - തെള്ളകം പാടത്തെ നെല്‍കര്‍ഷകരാണ് പ്രതിസന്ധിയിലായത്




കോട്ടയം: ഏറ്റുമാനൂര്‍ പേരൂര്‍, തെള്ളകം പാടശേഖരങ്ങളിലെ നെല്‍കര്‍ഷകരെ അധികൃതര്‍ തീര്‍ത്തും കൈവെടിഞ്ഞു. വേനല്‍മഴയില്‍ നെല്‍കൃഷി പാടെ നശിച്ചിട്ടും കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാതിരിക്കാന്‍ അധികൃതര്‍ മുട്ടാപ്പോക്ക് നയം സ്വീകരിക്കുന്നതായി പരാതി ഉയര്‍ന്നു. തുടര്‍ച്ചയായി പെയ്ത വേനല്‍മഴയില്‍ വിളവെടുക്കാറായ 125  ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷി നശിച്ചത് കര്‍ഷകര്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ഇന്‍ഷ്വറന്‍സ് തുകയും അധികൃതര്‍ നിരാകരിക്കുകയായിരുന്നു.

കൃഷി ഇറക്കിയ സമയത്ത് എല്ലാ കര്‍ഷകരെയും വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേര്‍ത്തിരുന്നു. ഏക്കറിന് നൂറ് രൂപാ എന്ന നിരക്കില്‍ എല്ലാവരോടും പ്രീമിയം മേടിക്കുകയും ചെയ്തു. കൃഷി ഇറക്കി  120 ദിവസം കഴിഞ്ഞതിനാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ലെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്. ഇതോടെ ഇന്‍ഷ്വറന്‍സിന്‍റെ പേരില്‍ നടക്കുന്ന മറ്റൊരു തട്ടിപ്പാണ് പുറത്തു വന്നത്. 

120 ദിവസം എന്ന് പറയുന്നത് അംഗീകരിച്ചാല്‍ പോലും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കേണ്ടതാണെന്നാണ് കര്‍ഷകരുടെ വാദം. വേനല്‍മഴ തുടങ്ങി പാടത്ത് വെള്ളം പൊങ്ങിയപ്പോള്‍ നെല്ല് കൊയ്യാന്‍ രണ്ടാഴ്ച കൂടി ബാക്കിയുണ്ടായിരുന്നു. വെള്ളപൊക്കത്താല്‍ കൃഷി നാശത്തിന്‍റെ വക്കിലാണെന്ന് കര്‍ഷകര്‍ കൃഷി ഓഫീസറെയും നഗരസഭാ അധികൃതരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. എന്നാല്‍ ആ സമയത്തൊന്നും തിരിഞ്ഞുനോക്കാത്ത കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതാകട്ടെ കൃഷി പാടെ നശിച്ച ശേഷവും. നെല്ലിന്‍റെ പ്രായം 120  ദിവസം ആകും മുമ്പ് തന്നെ കൃഷി നശിച്ചതായും കര്‍ഷകര്‍ പറയുന്നു. 

വിള ഇന്‍ഷ്വറന്‍സ് എടുത്തിരുന്ന കര്‍ഷകര്‍ കൃഷി പാടെ നശിച്ചിട്ടും പ്രതീക്ഷയിലായിരുന്നു. അധികൃതര്‍ പൂര്‍ണ്ണമായും കൈവിട്ടതോടെ നെല്‍കൃഷിയില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ് കര്‍ഷകര്‍. വര്‍ഷങ്ങളായി തരിശ് കിടന്നിരുന്ന പുഞ്ചപാടശേഖരം ഏറെ പണിപെട്ട് കൃഷിയോഗ്യമാക്കിയ കര്‍ഷകരും ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.  തരിശ് പാടങ്ങൾ കൃഷി ചെയ്യുന്നതിന് കർഷകർക്ക് സർക്കാർ സഹായം ചെയ്യുമെന്ന വിശ്വാസത്തിൽ കൃഷിയ്ക്കിറക്കിയവരാണ് ഇവിടത്തെ കർഷകർ. ഇനിയും ഏക്കർ കണക്കിന് പാടം കൃഷിയിറക്കാതെ കിടപ്പുണ്ട്.

ഈ വർഷം ഈ പാടങ്ങളിൽ കൃഷിയിറക്കണമെന്ന ആഗ്രഹത്തിലിരുന്ന കർഷകരാണ് നിരാശയിലായിരിക്കുന്നത്. പാടത്തെ അമിതവെള്ളം നിയന്ത്രിക്കുന്നതിന് പാറമ്പുഴ കുത്തിയതോട്ടില്‍ മോട്ടോര്‍പുര സ്ഥാപിക്കുന്നതിന് അനുവദിച്ച തുക കര്‍ഷകര്‍ക്ക് കൈമാറാന്‍ കൂട്ടാക്കാതെ കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ സര്‍ക്കാരിലേക്ക് തിരിച്ചയച്ചത് ഏറെ വിവാദമായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കര്‍ഷകരെ സഹായിക്കാനല്ല, മറിച്ച് ദ്രോഹിക്കാനാണ് ഏറ്റുമാനൂരിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. 



Share this News Now:
  • Google+
Like(s): 134