21 April, 2018 11:52:38 AM


പ്രമേയത്തിലെ മാറ്റം ആരുടെയും ജയമോ തോല്‍വിയോ അല്ല- യെച്ചൂരി

ഭിന്നതകളില്ലാതെ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട്



ഹൈദരാബാദ്: സിപിഐഎം കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഭേദഗതികള്‍ വരുത്തിയത് ആരുടെയെങ്കിലും ജയമോ പരാജയമോ അല്ലെന്ന് ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ഭിന്നതകളില്ലാതെ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും യെച്ചൂരി പറഞ്ഞു. ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ നാലാം ദിനം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ദേശീയ തലത്തില്‍ ബിജെപിയെ തോല്‍പ്പിക്കുന്നതിന് കോണ്‍ഗ്രസുമായി യാതൊരു ബന്ധവും വേണ്ടെന്ന ഔദ്യോഗിക പ്രമേയത്തില്‍ കഴിഞ്ഞ ദിവസം ഭേദഗതികള്‍ വരുത്തിയിരുന്നു. ഇത് യെച്ചൂരിയുടെ നിലപാടിന്റെ വിജയമായാണ് വിലയിരുത്തുന്നത്. കോണ്‍ഗ്രസുമായി യാതോരു ബന്ധവും വേണ്ടെന്ന ഭാഗം ഒഴിവാക്കി രാഷ്ട്രീയ സഖ്യം വേണ്ടെന്ന ഭേദഗതിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യെച്ചൂരിയുടെശക്തമായ വാദമായിരുന്നു ഇത്.


പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ നടന്ന പൊതു ചര്‍ച്ചയില്‍ ഇരുനിലപാടുകളും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലായിരുന്നു നടന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത 16 ഓളം സംസ്ഥാനങ്ങള്‍ രഹസ്യ ബാലറ്റ് വഴിയുള്ള വോട്ടെടുപ്പ് ആവശ്യപ്പെട്ടതോടെ പ്രതിസന്ധി കൂടതല്‍ സങ്കീര്‍ണമായി. തുടര്‍ന്ന് പൊതു ചര്‍ച്ചയ്ക്ക് ശേഷം നടന്ന പൊളിറ്റ് ബ്യൂറോ യോഗമാണ് ഭേദഗതി അംഗീകരിക്കാന്‍ തീരുമാനിച്ചത്.



Share this News Now:
  • Google+
Like(s): 95