20 April, 2018 07:47:06 PM


ശമ്പളപരിഷ്‌കരണം : സര്‍ക്കാരിനെതിരെ ഈ മാസം 24ന് നഴ്‌സുമാരുടെ ലോങ്മാര്‍ച്ച്‌

ശമ്പള വര്‍ധന വിജ്ഞാപനമായില്ല



തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതിനെതിരെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ലോങ് മാര്‍ച്ചിലേക്ക്. യുഎന്‍ഐയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്‌. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നീളുന്ന ലോങ് മാര്‍ച്ച്‌ ഈ മാസം 24ന് ആരംഭിക്കും. അതേസമയം, ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ നഴ്‌സുമാര്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരം നടത്തിവരികയാണ്.


243 ദിവസമായി നഴ്‌സുമാര്‍ സമരം തുടരുന്ന ചേര്‍ത്തല കെ.വി.എം ആശുപത്രിയ്ക്ക് മുമ്പില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച്‌ സെക്രട്ടേറിയേറ്റിനു മുന്നിലാണ് അവസാനിക്കുക. എട്ട് ദിവസം കൊണ്ട് 168 കിലോമീറ്റര്‍ ദൂരം പിന്നിടാനാണ് നഴ്‌സുമാര്‍ ലക്ഷ്യമിടുന്നത്.


കഴിഞ്ഞ ജൂലൈയില്‍ സംഘടന നടത്തിയ സമരത്തെത്തുടര്‍ന്ന് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയിരുന്നു. ശമ്പളപരിഷ്‌കരണ ഉത്തരവ് കഴിഞ്ഞ ജനുവരിക്കു മുന്‍പ് ഇറക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ ഇതുവരെ പാലിച്ചിട്ടില്ല. ശമ്പളം വര്‍ധിപ്പിക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോകാനാണ് ആശുപത്രി മാനേജ്മെന്റുകള്‍ ശ്രമിച്ചുവരുന്നതെന്നും ഏപ്രില്‍ 23ന് മുന്‍പ് ശമ്പളം വര്‍ധിപ്പിക്കാനുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കുന്നില്ലെങ്കില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും യുഎന്‍എ വ്യക്തമാക്കിയിരുന്നു.



Share this News Now:
  • Google+
Like(s): 139