20 April, 2018 05:19:19 PM


ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു





ന്യൂഡൽഹി: മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സച്ചാര്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചത്. സംസ്‌കാരച്ചടങ്ങുകള്‍ ലോധി റോഡിലെ വൈദ്യുത ശ്മശാനത്തില്‍ നടക്കും.

1985 ഓഗസ്റ്റ് 6 മുതല്‍ ഡിസംബര്‍ 22 വരെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു സച്ചാര്‍. യുപിഎ ഭരണകാലത്ത് ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഏഴംഗസമിതിയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം. 2006 നവംബറിലാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മനുഷ്യാവകാശ സംരക്ഷണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ന്യായാധിപ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു സച്ചാര്‍. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്



Share this News Now:
  • Google+
Like(s): 149