20 April, 2018 03:00:41 AM


തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയെ കരുനാഗപള്ളിയിൽ കണ്ടെത്തി

സ്ത്രീ ഗര്‍ഭിണിയാണോ എന്ന കാര്യത്തില്‍ സംശയം





കൊല്ലം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയെ കൊല്ലത്തുനിന്ന് കണ്ടെത്തി. വര്‍ക്കല മടവൂര്‍ സ്വദേശിയായ ഷംനയെ കരുനാഗപ്പള്ളിയിലെ ടാക്‌സി ജീവനക്കാരാണ് തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച്ച രാവിലെയാണ് ഇവരെ കാണാതായത്. പ്രസവത്തിനായി ആശുപത്രിയിലെത്തിച്ച ഷംനയെ പരിശോധനകള്‍ക്കായി പോയ ശേഷം കാണാതാവുകയായിരുന്നു.


ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവതി ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയതായി കണ്ടു. മൊബൈല്‍ സിഗ്നല്‍ ട്രാക്ക് ചെയ്ത പോലീസ് ഷംന ആദ്യം എറണാകുളത്തും പിന്നീട് വെല്ലൂരിലുമുണ്ടെന്ന നിഗമനത്തിലെത്തിയിരുന്നു. പുറപ്പെട്ട് പോയ യുവതി ഇടയ്ക്ക് ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും ഒന്നും സംസാരിച്ചിരുന്നില്ല. ഒരു ബന്ധുവിനെ വിളിച്ച് താന്‍ സുരക്ഷിതയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ഷംനയെ കാണാതായതിനെത്തുടര്‍ന്ന് മാധ്യമങ്ങളിലും മറ്റും വന്ന വാര്‍ത്തയും ചിത്രങ്ങളുമാണ് ഇവരെ തിരിച്ചറിയാന്‍ കരുനാഗപ്പള്ളിയിലെ ടാക്‌സി ജീവനക്കാരെ സഹായിച്ചത്. പോലീസെത്തി ഷംനയെ കൂട്ടിക്കൊണ്ട് പോയി. കണ്ടെത്തുമ്പോള്‍ യുവതി തീര്‍ത്തും അവശനിലയിലായിരുന്നു. കൂടെയാരുമുണ്ടായിരുന്നില്ലെന്നാണ് വിവരം. മെഡിക്കല്‍ പരിശോധന നടത്താനും മറ്റുമുള്ള തീരുമാനത്തിലാണ് പോലീസ്. ഇവര്‍ ഗര്‍ഭിണിയാണോ എന്ന കാര്യത്തില്‍ പോലീസ് സംശയം ഉന്നയിക്കുന്നുമുണ്ട്.



Share this News Now:
  • Google+
Like(s): 137