19 April, 2018 04:33:06 PM


പന്തളത്ത് കുരമ്പാലയില്‍ ബൈക്ക് യാത്രികന്‍ കാറിടിച്ച് മരിച്ചു

കുറ്റിയില്‍ പുത്തന്‍വീട്ടില്‍ സോമനാഥകുറുപ്പാണ് അപകടത്തില്‍പ്പെട്ടത്




പന്തളം: പത്രം വിതരണം ചെയ്യുന്നതിനിടെ ബൈക്ക് യാത്രികന്‍ കാറിടിച്ച് മരിച്ചു. കുരമ്പാല കുറ്റിയില്‍ പുത്തന്‍വീട്ടില്‍ ജനാര്‍ദ്ദനകുറുപ്പിന്‍റെ മകന്‍ സോമനാഥകുറുപ്പ് (52) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.15 ഓടെ പന്തളം വഞ്ചിമുക്ക് ഭാഗത്ത് ബൈക്കില്‍ പത്രം വിതരണം ചെയ്യുന്നതിനിടെ കാര്‍ ബൈക്കിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ച് വീണ സോമനാഥകുറുപ്പിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.


പന്തളം ഭാഗത്തേയ്ക്ക് വരികയായിരുന്ന തിരുവല്ല സ്വദേശി രാജീവന്‍റെ കാറാണ് ഇടിച്ചത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് നിഗമനമെന്ന് പന്തളം പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഗീതാകുമാരിയാണ് ഭാര്യ. സരിത, സ്നേഹ ഇവര്‍ മക്കളാണ്. സംസ്കാരം വെള്ളിയാഴ്ച 11ന് വീട്ടുവളപ്പിൽ.




Share this News Now:
  • Google+
Like(s): 195