19 April, 2018 12:50:00 PM


ഉദ്യോഗസ്ഥര്‍ കനിഞ്ഞില്ല; നശിച്ചത് 125 ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷി

കൃഷി സംരക്ഷിക്കുന്നതിന് അനുവദിച്ച 2 ലക്ഷം എഡിഎ തിരിച്ചയച്ചുകോട്ടയം: കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവത്തില്‍ നഷ്ടപെട്ടത് 125 ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷി.  ഏറ്റുമാനൂര്‍ പേരൂര്‍ - തെള്ളകം പുഞ്ചപാടശേഖരത്തിലെ കര്‍ഷകരുടെ ആറ് മാസത്തെ കഠിനപ്രയത്നത്തിന്‍റെ ഫലമാണ്  കഴിഞ്ഞ കുറെ ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴയില്‍ മുങ്ങിപോയത്. കൃഷിക്കായി ചെലവാക്കിയതുള്‍പ്പെടെ അര കൊടിയിലേറെ രൂപ നഷ്ടപെടുകയും ചെയ്തു.  തങ്ങളുടെ പ്രയത്നത്തിന്‍റെ ഒരംശം പോലും വീണ്ടെടുക്കാന്‍ പറ്റാതെ പോയത് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിന്‍റെ അവസാനതെളിവായി കര്‍ഷകര്‍ ചൂണ്ടികാട്ടുന്നു. വെള്ളത്തിന് വേണ്ടി കര്‍ഷകര്‍ ഏറ്റുമുട്ടി രക്തം ചീന്തിയ പാടത്തെ കൃഷിയാണ് സംഭവം നടന്ന് ഒരു മാസത്തിനുള്ളില്‍  വെള്ളം കയറി നശിച്ചത്.  


125 ഏക്കര്‍ പാടശേഖരത്ത് കൃഷി ചെയ്ത നെല്ല് കൊയ്യാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് മഴ കനത്തത്. ഇതോടെ 120 ദിവസം പ്രായമായ നെല്‍കൃഷി വെള്ളത്തിനടിയിലായി. മുട്ടോളം വെള്ളത്തിനുള്ളില്‍ നിന്ന് എന്ത് ചെയ്യണമെന്നറിയാതെ വി‍ഷമിച്ച കര്‍ഷകര്‍ സഹായത്തിന് നഗരസഭാ അധികൃതരുടെ മുന്നിലും കൃഷി വകുപ്പ് അധികൃതരുടെ മുന്നിലും എത്തി. പക്ഷെ പ്രയോജനമുണ്ടായില്ല. അവസാനം കൃഷി ഓഫീസറെത്തി. നാശനഷ്ടത്തിന്‍റെ കണക്കെടുക്കാന്‍. ആറ് വര്‍ഷമായുള്ള തങ്ങളുടെ ആവശ്യം അംഗീകരിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ക്കു ഈ ഗതി സംഭവിക്കില്ലായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു.കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തങ്ങളോടു കാട്ടുന്ന അവഗണനയുടെയും ദ്രോഹത്തിന്‍റെയും ഫലമാണ് ഒരു കതിര് പോലും കൊയ്തെടുക്കാനാവാതെ കൃഷി നശിച്ചതെന്ന് പേരൂര്‍ പാടത്തെ കര്‍ഷകര്‍. പാടത്ത് വെള്ളം ക്രമാതീതമായി ഉയരുമ്പോള്‍ അത് പുറത്തേക്കു ഒഴുക്കി കളയാന്‍ നിലവില്‍ തെള്ളകം പാടത്ത് സംവിധാനമില്ല. വെള്ളത്തിന്റെ അളവ് ക്രമപ്പെടുത്തുന്നതിനായാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് കുത്തിയതോടിനു സമീപം മോട്ടോര്‍ പുര സ്ഥാപിക്കുക എന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്ത് എത്തിയത്. മോട്ടോര്‍ പുരക്കുള്ള സ്ഥലം സ്വകാര്യവ്യക്തി സൗജന്യമായി നല്‍കുകയും ചെയ്തിരുന്നു. 


സ്ഥലം ലഭിച്ചെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ കര്‍ഷകരുടെ നേരെ കണ്ണടക്കുകയായിരുന്നു. അവസാനം സ്ഥലം നഗരസഭാ സെക്രട്ടറിയുടെ പെരിലാക്കിയാല്‍ പണമനുവദിക്കാമെന്നായി. അങ്ങനെ തങ്ങള്‍ക്കു ലഭിച്ച സ്ഥലം കര്‍ഷകസമിതി നഗരസഭയ്ക്ക് എഴുതി നല്‍കി. പിന്നെയും വര്‍ഷങ്ങള്‍ കാത്തിരുന്ന ശേഷം രണ്ടു ലക്ഷം രൂപ  മോട്ടോര്‍ പുരയ്ക്കായി കൃഷിവകുപ്പ് അനുവദിച്ചു. എന്നാല്‍ നഗരസഭയില്‍നിന്നുള്ള രേഖകള്‍ സമയത്ത് ഹാജരാക്കിയില്ല എന്ന കാരണം പറഞ്ഞു കൃഷി അസിസ്റ്റന്റ്റ് ഡയറക്ടര്‍ തുക സര്‍ക്കാരിലേക്ക് തിരിച്ചയക്കുകയായിരുന്നു. ഡിസംബറില്‍ അനുവദിച്ച തുക ലഭ്യമാക്കാന്‍ രേഖകള്‍ ഹാജരാക്കാനുള്ള സമയം ഒട്ടും നല്കാതെയായിരുന്നു എഡിഎയുടെ നടപടി. ഇതിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്ത് എത്തിയെങ്കിലും പ്രയോജനമുണ്ടായില്ല എന്ന് മാത്രമല്ല ഈ വര്‍ഷത്തെ കൃഷി അപ്പാടെ നശിക്കുകയും ചെയ്തു.


വേനല്‍ മഴ തുടങ്ങിയപ്പോഴേ വെള്ളം വറ്റിച്ചാല്‍ കൊയ്ത്ത് നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. പാടത്തെ വെള്ളം മോട്ടോര്‍ വെച്ച് അടിച്ചു തോട്ടിലൂടെ മീനച്ചില്‍ ആറ്റിലേക്ക് ഒഴുക്കണമെങ്കില്‍ തുടര്‍ച്ചയായി മൂന്നു ദിവസം എങ്കിലും  മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കണമായിരുന്നു. ഇപ്രകാരം  വെള്ളം പമ്പ്‌ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപെട്ട് തെള്ളകം - പേരൂര്‍ പുഞ്ചപ്പാട നെല്ലുല്‍പ്പാദക സമിതി ഏറ്റുമാനൂര്‍ കൃഷി ഓഫീസിര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനിടെ വെള്ളത്തില്‍ നിന്നും നെല്ല് കൊയ്യാന്‍ എത്തിയ കൊയ്ത്തു യന്ത്രങ്ങള്‍ പാടത്ത് ഇറക്കാനാവാതെ മടങ്ങുകയും ചെയ്തു. 


Share this News Now:
  • Google+
Like(s): 516