19 April, 2018 08:48:21 AM


ശ്രീജിത്തിന്‍റെ കസ്റ്റഡിമരണത്തിനു വഴിവച്ചത് സി.പി.എം നേതാവിന്‍റെ പകയെന്ന് സൂചന

പാർട്ടി നേതാവ് റൂറല്‍ എസ്.പിയ്ക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നും റിപ്പോർട്ട്



കൊച്ചി: ശ്രീജിത്തിന്‍റെ കസ്റ്റഡിമരണത്തിനു വഴിവച്ചത് സി.പി.എമ്മിന്‍റെ പക. പാര്‍ട്ടിവിട്ട് ബി.ജെ.പിയിലേക്കു ചേക്കേറിയതാണു ശ്രീജിത്തിനെ പ്രതിപട്ടികയിലെത്തിക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത് എന്നാണു വ്യക്തമാകുന്നത്. വീടാക്രമണത്തെത്തുടര്‍ന്നു ജീവനൊടുക്കിയ വാസുദേവന്‍റെ സഹോദരനും സി.പി.എം. പ്രവര്‍ത്തകനുമായ ഗണേശനാണു ശ്രീജിത്തിനെയും സജിത്തിനെയും പോലീസിനു ചൂണ്ടിക്കാണിച്ചുകൊടുത്തതെന്ന് കസ്റ്റഡിമരണം അന്വേഷിക്കുന്ന സംഘത്തിനു വിവരം ലഭിച്ചു.


പ്രതികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടണമെന്നു സി.പി.എം. എറണാകുളം ജില്ലാ നേതൃത്വത്തിന്റെ ഉഗ്രശാസനയാണു ശ്രീജിത്ത് അടക്കമുള്ളവരെ തിടുക്കത്തില്‍ പിടിക്കാന്‍ പോലീസിനെ നിര്‍ബന്ധിതരാക്കിയത്. പാര്‍ട്ടിയുടെ ജില്ലയിലെ ഉന്നതനാണ് പ്രതികളെ ഉടന്‍ പിടിക്കണമെന്ന് ആലുവ റൂറല്‍ എസ്.പി: എ.വി. ജോര്‍ജിനോട് ആവശ്യപ്പെട്ടത്. ഉടനെത്തിയ എസ്.പിയുടെ പ്രത്യേകസംഘം ഗണേശന്‍ ചൂണ്ടിക്കാട്ടിയവരെ പിടികൂടുകയായിരുന്നു. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള തീരദേശപ്രദേശമായ വരാപ്പുഴ ദേവസ്വംപാടം മുമ്പു സി.പി.എമ്മിന്റെ ശക്തികേന്ദ്രമായിരുന്നു. ശ്രീജിത്തിന്‍റെയുള്‍പ്പെടെയുള്ള ദേവസ്വംപാടത്തെ ഭൂരിഭാഗം കുടുംബങ്ങളും സി.പി.എം. അനുഭാവികളായിരുന്നു.


എന്നാല്‍ ഇവരില്‍ പലരും സി.പി.എം. വിടുകയും പഞ്ചായത്തിലെ ദേവസ്വംപാടം വാര്‍ഡില്‍ ബി.ജെ.പി. സമീപകാലത്ത് നേടിയ ആധിപത്യവുമാണു പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. മത്സ്യത്തൊഴിലാളി മേഖലയില്‍ സി.ഐ.ടി.യുവിനുണ്ടായിരുന്ന മേല്‍െക്കെയും മറ്റൊരു സംഘടന രൂപീകരിച്ച് ബി.എം.എസ്. യൂണിയന്‍ പിടിച്ചടക്കിയതും പാര്‍ട്ടിക്കു പ്രഹരമായിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കു നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളുമായാണ് ബി.എം.എസ്. രൂപംകൊടുത്ത ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി സംഘം, സാഗര്‍മാത പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.


സംഘത്തില്‍ വില്‍ക്കുന്ന മത്സ്യത്തിനു വിലയ്ക്കു പുറമേ 10 ശതമാനം കമ്മിഷനും ഓണത്തിന് ബോണസുമായിരുന്നു സാഗര്‍മാത നല്‍കിയ ആനുകൂല്യങ്ങള്‍. സി.ഐ.ടി.യു ആകട്ടെ അഞ്ചുശതമാനമാണ് കമ്മിഷന്‍ നല്‍കിയുരുന്നത്. ഇതോടെ പാര്‍ട്ടിയില്‍നിന്നും യൂണിയനില്‍നിന്നും വലിയതോതിലുള്ള പൊഴിച്ചില്‍ ബി.ജെ.പിയിലേക്ക് ഉണ്ടായി. പാര്‍ട്ടി കുടുംബങ്ങള്‍ പലരും ബി.ജെ.പിയിലേക്ക് മാറി. ഇതോടെ വാര്‍ഡില്‍ ദുര്‍ബലമായതോടെ സി.പി.എമ്മിന് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയം നേരിടേണ്ടിവന്നു.


പാര്‍ട്ടി മാറിയവരില്‍ ശ്രീജിത്തിന്‍റെ കുടുംബവുമുണ്ടായിരുന്നു.എന്നാല്‍, ശ്രീജിത്ത് പ്രകടമായ ബി.ജെ.പി. അനുഭാവി ആയിരുന്നില്ല. വീടാക്രമിച്ചതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത വാസുദേവന്‍റെ കുടുംബവും സി.പി.എമ്മിലായിരുന്നെങ്കിലും വാസുദേവന്‍ പിന്നീട് ബി.എം.എസിലേക്കു മാറിയിരുന്നു. വാസുദേവന്‍റെ കുടുംബത്തെ സി.പി.എമ്മില്‍ പിടിച്ചുനിര്‍ത്താന്‍ ശക്തമായ ശ്രമം സി.പി.എമ്മിന്‍റെ ഭാഗത്തുനിന്നുണ്ടായിരുന്നു.


അതിനിടയിലാണ് വാസുദേവന്‍റെ വീടിനുനേര്‍ക്ക് ആക്രമണമുണ്ടായത്. ഇതിനെ ചെറുക്കാന്‍ ശക്തമായി സി.പി.എം. രംഗത്തുവന്നിരുന്നു. വാസുദേവന്‍ ആത്മഹത്യ ചെയ്തപ്പോള്‍ പ്രതിഷേധവുമായി മുന്നില്‍നിന്നത് സി.പി.എം. പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ചതോടെ പ്രതിരോധത്തിലായ സി.പി.എം. പിന്‍വാങ്ങി



Share this News Now:
  • Google+
Like(s): 182