17 April, 2018 09:49:52 PM


ഭൂമിക്കായുള്ള ചിത്രലേഖയുടെ സമരം വഴിതിരിവിൽ

വീട് പണി പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍


ചിത്രലേഖ


കണ്ണൂർ: പയ്യന്നൂരില്‍ സിപിഎമ്മുമായി ശത്രുതയില്‍ കഴിയുന്ന ഓട്ടോ ഡ്രൈവറും ദലിത സമുദായാംഗവുമായ ചിത്രലേഖയുടെ സമരം വഴിതിരിവില്‍. കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ പണിനടന്നു വരുന്ന വീടിനടുത്ത് ഷെഡ് കെട്ടി അതിലാണ് ചിത്രലേഖയുടെ സമരം.


ജന്മസ്ഥലമായ എടാട്ട് തൊഴിലെടുത്ത് ജീവിക്കാന്‍ സിപിഎം-സിഐടിയു പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ചിത്രലേഖ സെക്രട്ടറിയേറ്റിനു മുന്നിലും സമരം നടത്തിയിരുന്നു. തുടര്‍ന്നാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാട്ടാമ്പള്ളി എന്ന സ്ഥലത്ത് അഞ്ചു സെന്റ്‌ സ്ഥലം അനുവദിച്ചത്.


എന്നാല്‍ ജന്മനാട്ടിലെ ഭൂമി ചിത്രലേഖയുടെ സ്വന്തം പേരിലാണെന്ന് കാട്ടിയാണ് കാട്ടാമ്പള്ളിയിലെ ഭൂമി അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ചിത്രലേഖയുടെ വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി റദ്ദാക്കിയ ഉത്തരവ് പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് ചിത്രലേഖ  പറയുന്നു.



Share this News Now:
  • Google+
Like(s): 86