16 April, 2018 12:46:47 PM


മാന്നാനം കെ.ഈ. കോളേജിലെ മഞ്ഞപ്പിത്തബാധ: ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം നേമം എടക്കോട് സ്നേഹസില്‍ പ്രേം സാഗര്‍ ആണ് മരിച്ചത്
കോട്ടയം: മാന്നാനം കെ. ഈ. കോളേജില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് കരളിന് രോഗം ബാധിച്ച് ചികിത്സിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴി‍ഞ്ഞിരുന്ന ഒന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥി തിരുവനന്തപുരം നേമം എടക്കോട് സ്നേഹസില്‍ സുരേഷിന്‍റെയും പ്രീതയുടെയും മകന്‍ പ്രേം സാഗര്‍ (18) ആണ് തിങ്കളാഴ്ച രാവിലെ 9.30 മണിയോടെ മരണത്തിന് കീഴടങ്ങിയത്. 

കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രേം വെന്‍റിലേറ്ററിലായിരുന്നു. രോഗബാധയാല്‍ പ്രവര്‍ത്തനരഹിതമായ കരള്‍ മാറ്റിവെച്ചാലേ പ്രതീക്ഷയ്ക്കു വകയുള്ളു എന്ന് ഡോക്ടര്‍മാര്‍ ആദ്യം വിധിയെഴുതിയിരുന്നു. പക്ഷെ ഞായറാഴ്ച രോഗം നിയന്ത്രണാതീതമായി മൂര്‍ശ്ചിക്കുകയും ഉച്ചയോടെ മസ്തിഷ്കമരണം സംഭവിക്കുകയുമായിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതര മണിയോടെ മരണം സ്ഥിരീകരിച്ചു. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രേമിന് മഞ്ഞപ്പിത്തം പിടിപെട്ടതായി സ്ഥിരീകരിച്ചത്. ഹോസ്ററലില്‍ താമസിച്ചിരുന്ന പ്രേം തുടര്‍ന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയി. മാര്‍ച്ചില്‍ കോളേജില്‍ തിരിച്ചെത്തിയെങ്കിലും അസുഖം പൂര്‍ണ്ണമായി മാറിയിരുന്നില്ല. ഡോക്ടര്‍ കൂടിയായ ഒരു അദ്ധ്യാപിക നിര്‍ദ്ദേശിച്ചതനുസരിച്ച് നടത്തിയ പരിശോധനയില്‍ രക്തത്തില്‍ ബിലുറിമിന്‍റെ അളവ് കൂടിയതായി കണ്ടെത്തി. വീണ്ടും നാട്ടിലേക്ക് ചികിത്സക്കായി പോയ പ്രേമിനെ ഏപ്രില്‍ ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രോഗം മൂര്‍ശ്ചിച്ചതിനെ തുടര്‍ന്ന് പതിനൊന്നിന് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ഇതിനിടെ കരള്‍ മാറ്റി വെച്ചാലേ ജീവന്‍ നിലനിര്‍ത്താനാവു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. മരുന്നിനും അവയവമാറ്റത്തിനുമായി അമ്പതു ലക്ഷം രൂപയെങ്കിലും ചെലവ് വരുമെന്നായിരുന്നു കണക്കുകൂട്ടല്‍. കോളേജിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പ്രേമിന്‍റെ ചികിത്സക്കുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു. ഇതിനിടെ കോളേജ് മാനേജ്മെന്‍റ് ചികിത്സാധനസഹായവുമായി ഞായറാഴ്ച തിരുവനന്തപുരത്ത് ആശുപത്രിയില്‍ എത്തിയിരുന്നു. പക്ഷെ ഏവരെയും ദുഖത്തിലാക്കി പ്രേം വിടപറയുകയായിരുന്നു.

പ്രേം സാഗറിന്‍റെ മരണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. മാര്‍ച്ച് വഴിയില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് കോളേജ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പിലെത്തി. നിലവില്‍ രോഗബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ചികിത്സാസഹായം നല്‍കാമെന്ന് അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. കൂലിപ്പണിക്കാരനായ സുരേഷിന്‍റെയും കാന്‍സര്‍ രോഗബാധിതയായ പ്രീതയുടെയും ഏകമകനാണ്  മരണമടഞ്ഞ പ്രേം. സഹോദരി സ്നേഹ തിരുവനന്തപുരത്ത് റിസര്‍ച്ച് സ്കോളറാണ്. സംസ്കാരം തിങ്കളാഴ്ച  വൈകിട്ട് നാലിന് നടക്കും.

കഴിഞ്ഞ ഡിസംബറിലാണ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മഞ്ഞപ്പിത്തബാധയുണ്ടായതായി ശ്രദ്ധയില്‍പെട്ടത്. ജനുവരി അവസാനമായതോടെ ഇത് വ്യാപകമായി പടര്‍ന്നു പിടിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപരും ഉള്‍പ്പെടെ ഇരുന്നൂറ്റി അമ്പതിലധികം പേര്‍ക്ക് രോഗബാധയുണ്ടായതായാണ് കണക്കുകള്‍. കോളേജ് കാന്‍റീനടുത്തുള്ള കിണറിനോട് അടുത്ത് സ്ഥിതിചെയ്യുന്ന സെപ്ടിക് ടാങ്ക് കവിഞ്ഞതാണ് രോഗാണുക്കള്‍ പടരാന്‍ കാരണമായി പറയപ്പെടുന്നത്.  

പരീക്ഷ ആരംഭിക്കാനിരിക്കെ രോഗം പടര്‍ന്നു പിടിച്ചത് വിദ്യാര്‍ത്ഥികളെയാകെ പ്രതിസന്ധിയിലാക്കിയിരുന്നു. കോളേജിലെ ടാപ്പുകളില്‍ ഒഴുകുന്നത് മലിനജലമാണെന്ന് മനസിലാക്കിയ വിദ്യാര്‍ത്ഥികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ വാട്ടര്‍ ടാങ്ക് വ‍ൃത്തിയാക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. വെള്ളത്തിന് നിറവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ രോഗാണുബാധ കണ്ടെത്തിയതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് ഒരാഴ്ച കോളേജിന് അവധി നല്‍കിയിരുന്നു. 

രോഗാണുബാധയുണ്ടെന്ന് കണ്ടെത്തിയ കിണറിനോടും കാന്‍റീനിനോടും ചേര്‍ന്നാണ് കോളേജിലെ സെല്‍ഫ് ഫിനാന്‍സിംഗ് ബ്ലോക്ക് പണിതിരിക്കുന്നത്. എഴുന്നൂറിലധികം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. ഈ ബ്ലോക്കിന്‍റെ താഴത്തെ നിലയിലുള്ള സ്പോര്‍ട്സ് ഹോസ്റ്റലിലെ കുട്ടികളിലാണ് ആദ്യം രോഗം പിടിപെട്ടത്. 44 കുട്ടികള്‍ ഉള്ളതില്‍ 42 പേര്‍ക്കും അസുഖം പിടിപെട്ടു. ഇതേ തുടര്‍ന്ന് ഹോസ്റ്റല്‍ അടയ്ക്കുകയും കുട്ടികളെ കോളേജിന് വെളിയിലുള്ള ബിഎഡ് ഹോസ്റ്റലിലേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തിരുന്നു. അടച്ചിട്ട കോളേജ് ഒരാഴ്ചയ്ക്കു ശേഷം തുറന്നുവെങ്കിലും രോഗബാധ തടയാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ എടുത്തില്ലെന്നും ആരോപണമുണ്ട്. അതേ സമയം ശുദ്ധജലം വിതരണം നടത്താൻ പുതിയ പ്ലാന്റ് ഉൾപ്പെടെ സജ്ജീകരണങ്ങൾ ചെയ്തതായി അധികൃതർ വ്യക്തമാക്കി.

കോളേജ് വളപ്പിനുള്ളില്‍ സ്പോര്‍ട്സ് ഹോസ്റ്റല്‍ കൂടാതെ പെണ്‍കുട്ടികള്‍ക്ക് രണ്ടും ആണ്‍കുട്ടികള്‍ക്ക് ഒന്നും ഹോസ്റ്റലുകള്‍ വേറെയുമുണ്ട്. ഇവിടെ താമസിച്ചിരുന്ന കുട്ടികള്‍ക്കും രോഗബാധയുണ്ടായി. രോഗം ബാധിച്ച ഒട്ടേറെ പേര്‍ ഇന്നും ചികിത്സയിലാണ്.Share this News Now:
  • Google+
Like(s): 1226