15 April, 2018 08:53:46 PM


തിരുവനന്തപുരത്ത് ആശുപത്രിയില്‍ രോഗിയുടെ ഭര്‍ത്താവിനെ ഭാര്യാപിതാവ് കുത്തിക്കൊന്നു

നേമം കല്ലിയൂർ സ്വദേശി കൃഷ്ണകുമാറാണ് മരിച്ചത്


തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ ഭാര്യാപിതാവ് കുത്തി കൊലപ്പെടുത്തി. പ്രസവശേഷം ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയ നേമം കല്ലിയൂർ സ്വദേശി കൃഷ്ണകുമാര്‍ (32) ആണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷ്ണകുമാറിന്‍റെ ഭാര്യാപിതാവ്  സുധാകരനാണ് കുത്തിയതെന്നാണ് അഖിലിന്‍റെ മൊഴി.


വഞ്ചിയൂരിലുള്ള ഡോ.ഗോവിന്ദന്‍സ് ആശുപത്രിയില്‍ വൈകുന്നേരം 6 മണിയോടെയാണ് സംഭവം. പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഭാര്യ അലീനയെയും കുഞ്ഞിനെയും കാണാനെത്തിയതായിരുന്നു കൃഷ്ണകുമാര്‍. കൃഷ്ണകുമാറിനൊപ്പം അഖിലുമുണ്ടായിരുന്നു. ആശുപത്രിയുടെ ടെറസില്‍ വെച്ച്‌ കുത്തേറ്റ കൃഷ്ണകുമാര്‍ നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു. തുടര്‍ന്ന് അവിടെ തന്നെ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.


പരിക്കേറ്റ അഖിലിനെ ഉടനെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കൃഷ്ണകുമാറിന് ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ സുധാകരന്‍ സമ്മതിക്കാത്തത് തര്‍ക്കത്തിനിടയാക്കിയിരുന്നു. ഇവര്‍ തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പോലീസിന് സൂചന ലഭിച്ചു. ബിയര്‍ കുപ്പി പൊട്ടിച്ചാണ് കുത്തിയതെന്ന് സംശയമുണ്ടെങ്കിലുംസ്ഥിരീകരിച്ചിട്ടില്ല. സുധാകരന്‍ ഒളിവിലാണ്. കൃഷ്ണകുമാര്‍ സെക്രട്ടറിയേറ്റില്‍ താല്‍ക്കാലിക ജീവനക്കാരനാണ്.







Share this News Now:
  • Google+
Like(s): 233