15 April, 2018 05:52:22 PM
ചികിത്സയ്ക്കിടെ കുട്ടി മരിച്ചത് ആർസിസിയിൽ എച്ച്ഐവി ബാധിതന്റെ രക്തം നൽകിയത് കൊണ്ടെന്ന് സ്ഥിരീകരണം
എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ പരിശോധനാഫലമാണ് പുറത്തുവന്നത്

തിരുവനന്തപുരം: ആർസിസിയിൽനിന്നു രക്തം സ്വീകരിച്ച കുട്ടി മരിക്കാനിടയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എച്ച്ഐവി ബാധിതന്റെ രക്തം കുട്ടിക്ക് നൽകിയതായി സ്ഥിരീകരണം. 48 പേരുടെ രക്തം ചികിത്സയ്ക്കിടെ കുട്ടിക്ക് നൽകിയിരുന്നു. ഇതിൽ ഒരാൾക്കാണ് എച്ച്ഐവി രോഗമുണ്ടെന്ന് തെളിഞ്ഞത്. ഇതുസംബന്ധിച്ച് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ പരിശോധനാഫലമാണ് പുറത്തുവന്നിരിക്കുന്നത്.
വിൻഡോ പിരിഡിൽ രക്തം നൽകിയതിനാലാണ് രോഗം തിരിച്ചറിയാൻ സാധിക്കാത്തത്. കാന്‍സര്‍ ബാധയെ തുടര്‍ന്ന് 13 മാസമായി ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരണത്തിനു കീഴടങ്ങിയത്.
2017 മാര്‍ച്ച് ഒന്നിനായിരുന്നു കുട്ടിയെ ആര്‍സിസിയില്‍ എത്തിച്ചത്. ഇവിടെ നിന്ന് രക്തം സ്വീകരിച്ച ശേഷം കുട്ടിക്ക് എച്ച്ഐവി ബാധയാണെന്ന സംശയമുണ്ടാവുകയും ചെയ്തു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം കുട്ടിയുടെ രക്തസാന്പിളുകളും ആശുപത്രി രേഖകളും സൂക്ഷിക്കണമെന്നും കഴിഞ്ഞ ദിവസം ഹൈക്കോടി ഉത്തരവിട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി.