13 April, 2018 09:15:30 PM


വെള്ളത്തിന് വേണ്ടി കര്‍ഷകര്‍ ഏറ്റുമുട്ടിയ പാടത്തെ കൃഷി വെള്ളം കയറി നശിക്കുന്നു

പേരൂര്‍ - തെള്ളകം പാടത്തെ നെല്‍ കൃഷിയാണ് വെള്ളത്തിനടിയിലായത്




ഏറ്റുമാനൂര്‍: വെള്ളത്തിന് വേണ്ടി കര്‍ഷകര്‍ തമ്മില്‍ വെട്ടും കുത്തും ഉണ്ടായി സംഘര്‍ഷം നിലനിന്ന പാടത്തെ കൃഷി അവസാനം വെള്ളം കയറി നശിക്കാറായ നിലയില്‍. കഴിഞ്ഞ കുറെ ദിവസങ്ങളായി തോരാതെയുള്ള മഴയിലാണ് ഏറ്റുമാനൂരിനടുത്ത് പേരൂര്‍ തെള്ളകം പാടശേഖരങ്ങളില്‍ വെള്ളം കയറിയത്. കൊയ്യാറായ നെല്‍ചെടികള്‍ വെള്ളത്തിനടിയിലായതോടെ 'ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചു' എന്ന അവസ്ഥയിലായി  കര്‍ഷകര്‍. 

തെള്ളകം പാടത്തിന്‍റെ തെക്കേ അറ്റത്ത്‌ പാറമ്പുഴ കുഴിചാലിപടിയോട് ചേര്‍ന്ന് കിടക്കുന്ന പന്നികൊമ്പ് പാടത്തെ കര്‍ഷകരും പേരൂര്‍ പുഞ്ച പാടശേഖരത്തെ കര്‍ഷകരും തമ്മിലാണ് ഒരു മാസം മുമ്പ് ജലസേചനത്തിനുള്ള വെള്ളത്തിന്‌ വേണ്ടി ഏറ്റുമുട്ടല്‍ ഉണ്ടായത്. കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാതെ വന്നതിനെ തുടര്‍ന്നായിരുന്നു കര്‍ഷകര്‍ ഏറ്റുമുട്ടിയത്‌. സംഘര്‍ഷത്തില്‍ വെട്ടേറ്റു അഞ്ചു കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിനു ശേഷം പേരൂര്‍ പുഞ്ച പാടശേഖരത്തിലെ കര്‍ഷകര്‍ പന്നികൊമ്പിലേക്ക് വെള്ളം കൊണ്ടുപോകാന്‍ സമ്മതിക്കാതെ വന്നത് വീണ്ടും സംഘര്‍ഷാവസ്ഥക്ക് കാരണമായിരുന്നു. ഇതേതുടര്‍ന്ന് കുഴിചാലിപടിയിലെ പമ്പ്‌ ഹൗസ് അധികൃതര്‍ പ്രവര്‍ത്തന സജ്ജമാക്കിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് അയവ് വന്നത്.

ഈ പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് വിളവെടുക്കും മുന്നേ കര്‍ഷകരെ ശരിക്കും പ്രതിസന്ധിയിലാക്കി വേനല്‍മഴ  എത്തിയത്. 125 ഏക്കര്‍ പാടശേഖരത്ത് 82 ഏക്കര്‍  സ്ഥലവും വെള്ളത്തിനടിയിലായി. കൊയ്യാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് 120 ദിവസം പ്രായമായ നെല്‍കൃഷി വെള്ളത്തിനടിയിലായത്. മുട്ടോളം വെള്ളത്തിനുള്ളില്‍ നിന്ന് എന്ത് ചെയ്യണമെന്നറിയാതെ വി‍ഷമിക്കുകയാണ് കര്‍ഷകര്‍. 

വെള്ളം വറ്റിച്ചാല്‍ കൊയ്ത്ത് നടക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. പാടത്തെ വെള്ളം മോട്ടോര്‍ വെച്ച് അടിച്ചു തോട്ടിലൂടെ മീനച്ചില്‍ ആറ്റിലേക്ക് ഒഴുക്കുകയാണ് ഏക പോംവഴി. പക്ഷെ ഇതിനു നഗരസഭയുടെയും കൃഷി വകുപ്പിന്‍റെയും സഹായം കര്‍ഷകര്‍ക്ക് ലഭിക്കണം. തുടര്‍ച്ചയായി മൂന്നു ദിവസം എങ്കിലും  മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാലെ വെള്ളം വറ്റിക്കാനാവൂ എന്ന് ചൂണ്ടികാണിക്കപെടുന്നു. 50 കുതിരശക്തിയുടെ മോട്ടോര്‍ ഘടിപ്പിച്ച് ഇപ്രകാരം  വെള്ളം പമ്പ്‌ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപെട്ടു തെള്ളകം - പേരൂര്‍ പുഞ്ചപ്പാട നെല്ലുല്‍പ്പാദക സമിതി ഏറ്റുമാനൂര്‍ കൃഷി ഓഫീസിര്‍ക്ക് നിവേദനം നല്‍കി. നഗരസഭയെയും വിവരം അറിയിച്ചു. 

എന്നാല്‍ സഹായം ചെയ്തുകൊടുക്കാമെന്നു പറഞ്ഞ നഗരസഭാ അധികൃതര്‍ പക്ഷെ  ഉടനെ പണം മുടക്കാന്‍ ഫണ്ട്‌ ഇല്ലെന്ന നിലപാടും വ്യക്തമാക്കി. മുന്‍വര്‍ഷങ്ങളിലും തെള്ളകം പേരൂര്‍ പാടങ്ങളില്‍ വെള്ളം കയറി കനത്ത കൃഷി നാശം ഉണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആറു വര്‍ഷമായി വെള്ളകെട്ടു പരിഹരിക്കണമെന്ന് ആവശ്യപെട്ട് കര്‍ഷകര്‍ മുറവിളി കൂട്ടുന്നുണ്ട്. ഏതാനും വര്‍ഷം മുന്‍പ് വെള്ളം കയറിയതിനെ തുടര്‍ന്ന് പാടത്ത് കൊയ്ത്തു മെഷീന്‍ ഇറക്കാന്‍ പറ്റാതെ വന്നിരുന്നു. അധികൃതരോടുള്ള പ്രതിഷേധം പ്രകടിപ്പിച്ച്  ജനപ്രതികളായ സുസന്‍ തോമസ്‌, മോളി ജോണ്‍ എന്നിവര്‍ പാടത്ത് കൊയ്യാനിറങ്ങിയത് വാര്‍ത്തയായിരുന്നു. എന്നിട്ടും ഇന്നേവരെ അധികൃതരുടെ കണ്ണ് തുറന്നില്ല. ഇക്കുറിയും അധികൃതര്‍ ഈ നിലപാട് തുടര്‍ന്നാല്‍ ഒരു  കോടിയോളം രൂപയുടെ നഷ്ടം സംഭവിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.



Share this News Now:
  • Google+
Like(s): 470