12 April, 2018 03:14:09 PM


സുശീലിനും രാഹുലിനും സ്വര്‍ണം; തേജസ്വനിക്ക് വെള്ളി



ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ എട്ടാം ദിനത്തിലും ഇന്ത്യക്ക് സ്വര്‍ണ നേട്ടം. പുരുഷന്മാരുടെ 74 കിലോഗ്രാം വിഭാഗത്തില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ സ്വര്‍ണം നേടി. ദക്ഷിണാഫ്രിക്കയുടെ ജൊഹാന്നസ് ബോത്തയെ ആണ് സുശീല്‍ കുമാര്‍ പിന്തള്ളിയത്. 34കാരനായ സുശീല്‍ 80 സെക്കന്‍റിലുള്ളില്‍ എതിരാളിയെ കീഴടക്കി. സുശീല്‍ കുമാറിന്‍റെ മൂന്നാം സ്വര്‍ണ നേട്ടമാണിത്. 2010, 2014 കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ സുശീല്‍ നേരത്തെ സ്വര്‍ണം നേടിയിരുന്നു.


പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ ഇന്ത്യയുടെ രാഹുല്‍ അവേരെ സ്വര്‍ണം നേടി. ഫൈനല്‍ മല്‍സരത്തില്‍ കാനഡയുടെ സ്റ്റീഫന്‍ തകഹാഷിയെ 3-1നാണ് അവേരെ പരാജയപ്പെടുത്തിയത്. 2011ലെ മെല്‍ബണ്‍ കോമണ്‍വെല്‍ത്ത് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ ജേതാവും ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവുമാണ് രാഹുല്‍ അവേരെ.


വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബബിത കുമാരി വെള്ളി നേടി.വനിതകളുടെ 50 മീറ്റര്‍ പ്രോണ്‍ റൈഫിള്‍ ഫൈനലില്‍ തേജസ്വനി സാവന്ത് വെള്ളി നേടി. 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 50 മീറ്റര്‍ പ്രോണ്‍ റൈഫിള്‍ വിഭാഗത്തില്‍ വെള്ളി നേടിയിരുന്നു.



Share this News Now:
  • Google+
Like(s): 142