11 April, 2018 01:03:25 PM


അസുഖവും ഭാര്യാപിതാവിന്‍റെ സംസ്‌കാരവും മാറ്റിവച്ച് മന്ത്രി സുധാകരന്‍ എത്തുന്നു; സര്‍വകക്ഷി യോഗത്തിന്

മന്ത്രി ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്




തിരുവനന്തപുരം: ഭാര്യാ പിതാവിന്‍റെ ശവസംസ്‌കാരം മാറ്റിവച്ചുകൊണ്ടും അസുഖബാധിതനായി പ്രവേശിക്കപ്പെട്ട ആശുപത്രിയില്‍നിന്ന് വിടുതല്‍ വാങ്ങിയും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിനെത്തും. സുധാകരന്‍ അസുഖ ബാധിതനായത് മൂലം മാറ്റിവെക്കേണ്ടിയിരുന്ന സര്‍വകക്ഷി യോഗം അദ്ദേഹത്തിന്‍റെ തന്നെ താല്പര്യം മുന്‍നിര്‍ത്തിയാണ് നിശ്ചിത സമയത്തു നടക്കുന്നത്.


നേരത്തെ അസുഖബാധിതനായി ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു മന്ത്രിയെ. രണ്ടാഴ്ച്ചയെങ്കിലും ആശുപത്രിയില്‍ത്തന്നെ വിശ്രമം നിര്‍ദ്ദേശിച്ചെങ്കിലും വിടുതല്‍ വാങ്ങി മന്ത്രി സര്‍വകക്ഷിയോഗം കൃത്യമായിത്തന്നെ നടത്തണമെന്ന് അഭിപ്രായപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് അദ്ദേഹത്തിന്‍റെ ഭാര്യാപിതാവ് നിര്യാതനായെങ്കിലും ശവസംസ്‌കാര ചടങ്ങുകള്‍ നീട്ടിവയ്ക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.


മന്ത്രി സുധാകരന്‍റെ ഭാര്യാപിതാവ് കളര്‍കോട് നവപ്രഭ വീട്ടില്‍ അയ്മനം കൃഷ്ണന്‍കുട്ടി ചൊവ്വാഴ്ച വൈകീട്ടാണ് നിര്യാതനായത്. എസ്ഡി കോളേജിലെ കൊമേഴ്‌സ് വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. എകെപിസിടിഎയുടെ ആദ്യകാല നേതാക്കന്മാരിലൊരാലാണ്. യുജിസി സ്‌കെയില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടു നടന്ന സമരങ്ങളില്‍ മുന്നണി പോരാളിയായിരുന്നു അയ്മനം കൃഷ്ണന്‍കുട്ടി.


വാഗ്മിയും നിരുപകനുമായിരുന്ന കൃഷ്ണന്‍കുട്ടി, ജ്യോതിബസുവും ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും അടക്കമുളള നേതാക്കള്‍ കേരളത്തിലെത്തുമ്പോള്‍ അവരുടെ പ്രസംഗങ്ങള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിരുന്നു. പുരോഗമന കലാസാഹിത്യ സംഘം, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാഹിത്യ സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്നു. ഭാര്യ: പരേതയായ സത്യഭാമ. മക്കള്‍: ജൂബിലി നവപ്രഭ (റിട്ട. വൈസ് പ്രിന്‍സിപ്പല്‍, എസ്ഡി കോളേജ്), ഉമ നവപ്രഭ, ലക്ഷ്മി നവപ്രഭ



Share this News Now:
  • Google+
Like(s): 90