10 April, 2018 02:43:10 PM


നിയന്ത്രണം പിന്‍വലിച്ച്‌ കേന്ദ്ര സര്‍ക്കാര്‍; കശാപ്പിനായി കന്നുകാലികളെ വില്‍ക്കാം

പുതിയ വിജ്ഞാപനത്തില്‍ കശാപ്പ് എന്ന് വാക്ക് ഒഴിവാക്കി



ദില്ലി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനുള്ള നിയന്ത്രണം പിന്‍വലിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.ഇതാണ് വിജ്ഞാപനമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയ വിജ്ഞാപനത്തില്‍ കശാപ്പ് എന്ന് വാക്ക് ഒഴിവാക്കി.


2017 മെയ് 23നാണ് കന്നുകാലി കശാപ്പ് നിരോധിക്കാന്‍ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി വരുത്തിയ നിയമഭേദഗതിക്കെതിരെ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും നാഗാലാന്റ്, ത്രിപുര ഉള്‍പ്പെടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും രംഗത്ത് എത്തി.


രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിനെതിരായ നീക്കമാണ് പുതിയ നിയമഭേദഗതിയെന്ന് വിലയിരുത്തല്‍ ഉണ്ടായതോടെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ നിന്ന് പിന്‍വാങ്ങി. കര്‍ശന വ്യവസ്ഥകള്‍ ഒഴിവാക്കിയെന്ന് വ്യക്തമാക്കി.ഇതിന് പിന്നാലെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മുന്‍ ഭേഗഗതി തിരുത്തി പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. പുതിയ വിജ്ഞാപനത്തില്‍ കശാപ്പ് എന്ന് വാക്ക് ഒഴിവാക്കിയിട്ടുണ്ട്.


കന്നുകാലികളെ കശാപ്പിനായി ചന്തകളില്‍ കൊണ്ട് വരരുതെന്നാണ് മുന്‍ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നതെങ്കില്‍ അത് മാറ്റി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവയേയും പ്രായം കുറഞ്ഞവയേയും വില്‍ക്കാന്‍ കൊണ്ട് വരരുത് എന്ന് മാത്രമാക്കി.ബാക്കി കര്‍ശന വ്യവസ്ഥകളൊന്നും പുതിയ വിജ്ഞാപനത്തില്‍ ഇല്ല. മൃഗങ്ങളെ വില്‍ക്കുന്നതിനും കശാപ്പ് ചെയ്യുന്നതിലും ഇത് വഴി തടസമില്ല. ബിജെപി ഭരിക്കുന്ന വടക്കേന്ത്യന്‍ സംസ്ഥാനങ്ങളേയും വോട്ട് ബാങ്കുകളേയും തൃപ്ത്തിപ്പെടുത്താനായിരുന്നു മുന്‍ വിജ്ഞാപനം.


നിരവധി കന്നുകാലി കര്‍ഷകരെ വഴിയാധാരാമാക്കിയ വിജ്ഞാപനം മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഭക്ഷണസ്വാതന്ത്രത്തെ തന്നെ ഹനിക്കുന്നതിയിരുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ മനം മാറ്റമെന്നും വിലയിരുത്തപ്പെടുന്നു.



Share this News Now:
  • Google+
Like(s): 65