09 April, 2018 10:24:14 PM


കൊച്ചിയിൽ വീട് ആക്രമിച്ച കേസ്: പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു

വരാപ്പുഴ സ്വദേശി ശ്രീജിത്താണ് മരിച്ചത്





കൊച്ചി: വരാപ്പുഴയില്‍ വീട് ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു. വരാപ്പുഴ സ്വദേശി ശ്രീജിത്താണ് മരിച്ചത്. ശ്രീജിത്തിനെതിരായ മര്‍ദനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വെള്ളിയാഴ്ച ശ്രീജിത്തുള്‍പ്പടെയുള്ള പതിനഞ്ചോളം പേര്‍ വാസുദേവന്‍ എന്നയാളുടെ വീട് തകര്‍ക്കുകയും വീട്ടിലുള്ളവര്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്‌തെന്ന പരാതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ശ്രീജിത്തടക്കം പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.


ആക്രമണത്തില്‍ മനംനൊന്ത് വാസുദേവന്‍ പിന്നീട് ആത്മഹത്യ ചെയ്യുകയുമുണ്ടായി. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശ്രീജിത്ത് തന്റെ ശാരീരിക വിഷമം കോടതിയോട് തുറന്ന് പറയുകയും ചികിത്സ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇവിടെ നിന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഞായറാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.


ആന്തരികാവയവങ്ങള്‍ക്ക് ക്ഷതവും മൂത്രം ഒഴിക്കുന്നതിന് പ്രയാസവും ശ്രീജിത്തിന് ഉണ്ടായിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവത്തില്‍ മനുഷ്യാവകശ കമ്മീഷന്‍ ഇന്ന് ആശുപത്രിയിലെത്തി ശ്രീജിത്തിനെ സന്ദര്‍ശിച്ച് കേസെടുത്തതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. പോലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ശ്രീജിത്തിന് പരിക്കേറ്റെതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ വീട് കയറി ആക്രമണവുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് മര്‍ദ്ദനമേറ്റതെന്നാണ് പോലീസ് പറയുന്നത്.



Share this News Now:
  • Google+
Like(s): 209