09 April, 2018 10:55:45 AM


അഗ്നിസുരക്ഷ;15 മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളെ എന്‍ഒസിയില്‍ നിന്ന് ഒഴിവാക്കി

വൻകിടക്കാരെ സംരക്ഷിക്കാനാണെന്ന് ആരോപണം


കൊച്ചി: കെട്ടിടങ്ങളുടെ അഗ്നിസുരക്ഷാ മാനദണ്ഡത്തില്‍ ഇളവ് വരുത്തി ഫയര്‍ഫോഴ്‌സ് മേധാവി ടോമിന്‍ ജെ. തച്ചങ്കരി. പതിനഞ്ചു മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങളെ അഗ്നി സുരക്ഷാ എന്‍ഒസിയില്‍നിന്ന് ഒഴിവാക്കി. വന്‍കിട കെട്ടിടങ്ങളുടെ കാര്യത്തില്‍ അഗ്നിസുരക്ഷാ സംവിധാനം നടപ്പാക്കിയതായി ഉടമകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നും തച്ചങ്കരി വ്യക്തമാക്കി. അരൂരില്‍ ഫയര്‍ സ്റ്റേഷന്‍ ഉദ്ഘാടന വേളയിലാണ് പുതിയ തീരുമാനം ടോമിന്‍ ജെ. തച്ചങ്കരി വെളിപ്പെടുത്തിയത്.


പുതിയ ഭേദഗതി പ്രകാരം 15 മീറ്റര്‍ വരെ ഉയരവും പതിനായിരം ചതുരശ്ര അടി വരെ വിസ്തീര്‍ണവുമുള്ള കെട്ടിടങ്ങള്‍ക്ക് ഇനി ഫയര്‍ എന്‍ഒസി ആവശ്യമില്ല. ഇതിനു മുകളില്‍ ഉയരമുള്ള ഇടത്തരം, വന്‍കിട കെട്ടിടങ്ങള്‍ പണിയുന്നതിന് അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെട്ടിടം ഉടമകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. ഇതില്‍ പിന്നീട് ക്രമക്കേട് കണ്ടെത്തിയാല്‍ ചതുരശ്ര അടി നിരക്കില്‍ പിഴ ചുമത്തും. 


വ്യവസായ വികസനം വേണ്ടിവരുമ്പോള്‍ വളര്‍ച്ച വേണമെങ്കില്‍ ഫയര്‍ എന്‍ഒസിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 വര്‍ഷം മുന്‍പത്തെ നിയമങ്ങളില്‍ തന്നെ നിന്നിട്ട് കാര്യമില്ലെന്ന് ടോമിന്‍ തച്ചങ്കരി പറഞ്ഞു. ഉയരം കൂടിയ വിഭാഗത്തില്‍പ്പെട്ട കെട്ടിടങ്ങള്‍ക്കായി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി എന്ന തീരുമാനത്തിലേക്ക് എത്തിയത് ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. 


അഗ്നിസുരക്ഷയുമായി ബന്ധപ്പെട്ട എന്‍ഒസി ലഭിക്കാന്‍ ആശുപത്രികള്‍ക്ക് നിലവില്‍ 30 മീറ്ററാണ് അനുവദിച്ചിരിക്കുന്നത്. ഇത് 45 മീറ്ററാക്കി ഉയര്‍ത്തണമെന്ന ശുപാര്‍ശയും ടോമിന്‍ തച്ചങ്കരി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫലത്തില്‍ ആശുപത്രികള്‍ക്ക് ലഭിക്കുന്ന ഇളവ് മറ്റു കെട്ടിടങ്ങള്‍ക്കും ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടാവുക. നിലവിലെ നിയമത്തിന് എതിരായതിനാല്‍ നിരവധി കെട്ടിടങ്ങള്‍ പൂട്ടുന്ന സാഹചര്യമുണ്ടായിരുന്നു. പുതിയ ഇളവുകള്‍ വരുന്നതോടെ ഇവ പ്രവര്‍ത്തികുന്നതിന് സാഹചര്യമൊരുങ്ങും.


അതേസമയം പുതിയ തീരുമാനം അനധികൃതമായി നിർമ്മിച്ച വൻകിട കെട്ടിടങ്ങളെ സംരക്ഷിക്കാനാണെന്ന ആരോപണവും ഉയർന്നു. ജേക്കബ് തോമസ് അഗ്നിസുരക്ഷാ മേധാവിയായിരുന്നപ്പോള്‍ കെട്ടിടങ്ങളുടെ അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ സംസ്ഥാനത്തെ 77 വന്‍കിട ഫ്‌ളാറ്റുകള്‍ക്ക് നോട്ടീസ് നല്‍കിയത് വിവാദമായിരുന്നു. മതിയായ അഗ്‌നിസുരക്ഷാ സംവിധാനങ്ങളില്ലാത്ത വന്‍കിട ഫ്ലാറ്റുകള്‍ക്ക് ജേക്കബ് തോമസ് നല്‍കിയ നോട്ടീസ് അദ്ദേഹത്തിന്റെ കസേര തെറുപ്പിക്കുന്ന സാഹചര്യവുമുണ്ടാക്കിയിരുന്നു. ജേക്കബ് തോമസിന്റേത് ജനവിരുദ്ധ നിലപാടാണെന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയും വിവാദത്തിനിടയാക്കിയിരുന്നു




Share this News Now:
  • Google+
Like(s): 148